തിരുവനന്തപുരം : ബെംഗലൂരുവില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി. അനൂപ് എറണാകുളത്ത് ഒരു ഷോപ്പിംഗ് മാളില്‍ ജോലി ചെയ്തിരുന്ന കാലം മുതല്‍ അറിയാം. 2013ലാണ് അനൂപ് ബെംഗലൂരുവില്‍ എത്തിയത്. ഹോട്ടല്‍ ബിസിനസ് തുടങ്ങി പല തവണ സാമ്പത്തിക തകര്‍ച്ച വന്ന അനൂപിന് രണ്ട് തവണയായി താന്‍ ആറ് ലക്ഷം രൂപ നല്‍കി സഹായിച്ചിട്ടുണ്ട്. സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായ അനൂപിനെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി തനിക്ക് അറിയൂ. അനൂപിനെ ലഹരി മരുന്ന് കേസില്‍ അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത തന്നെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. അനൂപിന്റെ കുടുംബവും വലിയ ഷോക്കിലാണ്.-ബിനീഷ് ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.
അനൂപിന് സിനിമ താരങ്ങളുമായി ബന്ധമുണ്ടായത് എങ്ങനെയെന്ന് അറിയില്ല. അത് താന്‍ വഴിയല്ല. അനൂപിന് താന്‍ സിനിമാക്കാരെ പരിചയപ്പെടുത്തിയിട്ടില്ല. ജൂലായ് 10ന് താന്‍ അനൂപിനെ വിളിച്ചിരുന്നു. 26 തവണയൊന്നും വിളിച്ചിട്ടില്ല. സ്വപ്‌ന അറസ്റ്റിലായി എന്നറിഞ്ഞുകൊണ്ടല്ല താന്‍ വിളിച്ചത്. ഒരു സുഹൃത്തിനെ യാദൃശ്ചികമായി വിളിച്ചതാണ്. സ്വപ്‌ന അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുന്‍പ് നാട്ടിലേക്ക് പോരാന്‍ 15,000 രൂപ വായ്പ ചോദിച്ചു അനൂപ് വിളിച്ചിരുന്നു. അത്രയും സാമ്പത്തിക പ്രതിസന്ധിയുള്ളയാളാണ്.
ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം 2017ലോ മറ്റോ എടുത്തതാണ്. ജൂണ്‍ 19ന് താന്‍ കുമരകത്ത് പോയിട്ടില്ല. ആ ആരോപണം തെറ്റാണ്. നിശാപാര്‍ട്ടിയില്‍ പങ്കെടുത്തു എന്ന ആരോപണം തെറ്റാണെന്നും ബിനീഷീ കോടിയേരി പറഞ്ഞു. രാവിലെ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ബിനീഷ്.