കൊച്ചി : ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം കൊച്ചിയിൽ തുടങ്ങി. പാർട്ടി സഹ സംഘടനാ സെക്രട്ടറി ശിവപ്രസാദ്, ജി.വി.എൽ നരസിംഹ റാവു എന്നിവരുടെ അദ്ധ്യക്ഷതയിലാണ് യോഗം. പുതിയ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളാണ് പ്രധാനമായും യോഗത്തിൽ നടക്കുക. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള അമിത് ഷായുടെ കേരളാ റാലിക്കുള്ള ഒരുക്കങ്ങളും ചർച്ചയാകും.
കെ.സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ശ്രീധരൻപിള്ള ഗവർണറായി പോയി രണ്ട് മാസത്തിലേറെയായിട്ടും പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്ര പ്രതിനിധികൾ സംസ്ഥാന ഭാരവാഹികളുമായി ഒറ്റയ്ക്കൊറ്റക്കായി ചർച്ച നടത്തി അഭിപ്രായം തേടും. ജില്ലാ പ്രസിഡന്റിനെ കണ്ടെത്താനുള്ള സമവായ ശ്രമങ്ങൾ ജില്ലാ തലങ്ങളിൽ നടക്കുകയാണ്. പൗരത്വനിയമത്തെ അനുകൂലിച്ചുള്ള റാലിക്കായി അമിത്ഷാ 15ന് ശേഷം കേരളത്തിലെത്തും.അതിന് മുമ്പ് സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കാനാണ് നീക്കം.