പത്തനംതിട്ട : ശബരിമല തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഒരുക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
തിരുവാഭരണ പാതയില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ക്കു യോഗം രൂപം നല്‍കി. തിരുവാഭരണം കടന്നു പോകുന്ന പത്ത് പഞ്ചായത്തുകളും ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. കുടിവെള്ളം, തെരുവ് വിളക്ക്, പാതയുടെ നവീകരണം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഫയര്‍ ഫോഴ്സ് സംഘം തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കും. വനം വകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡ് തിരുവാഭരണ ഘോഷയാത്രക്ക് ഒപ്പമുണ്ടാകും. തിരുവാഭരണ പാതയില്‍ കൊല്ലമൂഴി, വയറ്റുകണ്ണി എന്നിവിടങ്ങളില്‍ താല്‍ക്കാലിക പാലം സജ്ജമാക്കും. തിരുവാഭരണ പാതതെളിക്കല്‍ പൂര്‍ത്തിയാകുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ ആശുപത്രികളും സജ്ജമായിരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. നിലവില്‍ ലഭ്യമായ 24 ആംബുലന്‍സുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്ന് 10 എണ്ണം കൂടി ആരോഗ്യവകുപ്പ് ലഭ്യമാക്കും. തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍ തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും.
മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന പ്രധാന എട്ട് സ്ഥലങ്ങളില്‍ 14ന് വൈകിട്ട് അഞ്ചിന് മുമ്പായി ബാരിക്കേഡ് ക്രമീകരിക്കും. ഇവിടെ പ്രകാശം, കുടിവെള്ളം എന്നിവ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പ് വരുത്തണം. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ സംഘം തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ആവശ്യമായ മുന്‍കരുതല്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും. മകരവിളക്ക് ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങളില്‍ ഡെപ്യൂട്ടി തഹസിദാരില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ശബരിമല എ.ഡി.എം എന്‍.എസ്.കെ ഉമേഷ്, പന്തളം നഗരസഭ അധ്യക്ഷ ടി.കെ സതി, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വല്‍സമ്മ എബ്രഹാം, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മണപ്പള്ളില്‍, റാന്നി-പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സജി, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസ്‌കുട്ടി, ജനപ്രതിനിധികള്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാറാണി, പന്തളം രാജകൊട്ടാര പ്രതിനിധികളായ പി.ജി ശശികുമാര വര്‍മ്മ, പി.എന്‍. നാരായണ വര്‍മ്മ, അയ്യപ്പ സേവാസംഘം പ്രതിനിധി എന്‍.വേലായുധന്‍ നായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു