പത്തനംതിട്ട : ജില്ലാ മെഡിക്കല്‍ ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള ജീവിതശൈലീ രോഗനിര്‍ണയം തൊഴിലിടങ്ങളില്‍ എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ആരോഗ്യവിഭാഗം, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുറത്തിറക്കിയ ആര്‍ദ്രം കലണ്ടറിന്റെ ജില്ലാതല പ്രകാശനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. കളക്ടറേറ്റില്‍ നടന്ന ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പയിനില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം അലക്സ് പി തോമസ്, ശബരിമല എ.ഡി.എം: എന്‍.എസ്.കെ ഉമേഷ് തുടങ്ങി കളക്ടറേറ്റിലെ 79 പേരാണ് ജിവിതശൈലി രോഗനിര്‍ണയം നടത്തിയത്. പ്രധാനമായും ബ്ലഡ് പ്രഷര്‍, ഷുഗര്‍, ബോഡി ഫാറ്റ്, മാനസീകാരോഗ്യം എന്നിവയാണ് പരിശോധിച്ചത്. ഡയറ്റീഷന്റെ നിര്‍ദ്ദേശവും ലഭ്യമായിരുന്നു. കളക്ടറേറ്റ്, എസ്.പി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലും ജീവിതശൈലീ രോഗനിര്‍ണയം തുടര്‍ന്നും നടപ്പിലാക്കും.
ജീവനക്കാരുടെ ശാരീരിക വ്യായാമം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിലെ ഒരു ദിവസം നോ ലിഫ്റ്റ് ഡേയായി നിലനിര്‍ത്തും. എല്ലാ ബുധനാഴ്ചകളിലും ആകും ഇനി ലിഫ്റ്റ് സൗകര്യം ലഭ്യമല്ലാതാകുക. പൊതുജനങ്ങള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും ഈ മാനദണ്ഡം ബാധകമാകില്ല. ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ജില്ലാതല നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.നന്ദിനി, ഡി.പി.എം എബി സുഷന്‍, ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ ഡോ.ശ്രീരാജ്, ഡെപ്യൂട്ടി ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. രശ്മി, ഡയറ്റീഷന്‍ ജ്യോതി, ഡി.എന്‍.ഒ എം.വി രതി, സ്റ്റാഫ് നേഴ്‌സ് ഷാനിമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍ സുരേഷ്, ആശാ വര്‍ക്കറന്‍മാരായ കെ.ഗീതാ കുമാരി, മീര എന്നിവര്‍ ക്യാമ്പയിനില്‍ പങ്കെടുത്തു.