ചെങ്ങന്നൂർ: ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയെ അടിച്ചുവീഴ്ത്തിയ ശേഷം മാലപറിക്കാൻ ശ്രമിച്ചു. തിരുവൻവണ്ടുർ കവിതാലയത്തിൽ ആനന്ദവല്ലിയമ്മയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 6.45 നാണ് സംഭവം . തിരുവൻവണ്ടൂരിലെ ക്ഷേത്ര ജംഗ്ഷനിൽ ഉള്ള തന്റെ സ്റ്റേഷനറികട അടച്ച ശേഷം വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു ആനന്ദവല്ലിയമ്മ. തിരുവൻവണ്ടുർ – ഇരമല്ലിക്കര റോഡിൽ
അച്ചിലേത്ത് പടിക്കു സമീപം എത്തിയപ്പോഴാണ് ബൈക്കിൽ ഹെൽമറ്റ് ധരിച്ച് രണ്ടംഗ സംഘം ആനന്ദവല്ലിയമ്മയെ പിൻതുടർന്നത്. ഇവരുടെ അടുത്തെത്തിയ മോഷ്ടാക്കൾ ആനന്ദവല്ലിയുടെ പുറത്തടിച്ച് താഴെയിട്ടശേഷം മാല പിടിച്ചു പൊട്ടിച്ചെങ്കിലും മാല അവരുടെ കൈയ്യിൽ കിട്ടിയില്ല. അന്നേ ദിവസം കടയിൽ നിന്നു കിട്ടിയ പണമടങ്ങിയ പഴ്സും മൊബൈലും ആനനവല്ലിയുടെ കയ്യിലുണ്ടായിരുന്നു. താഴെ വീണു കിടന്ന ആനന്ദവല്ലിയമ്മ ഉടൻ തന്നെ ബഹളം വച്ച് ആളെ കൂട്ടി. ഈ സമയം ബൈക്കിലെത്തിയവർ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കൈമുട്ടിനും കാലിനും പരിക്കുണ്ട്. സമീപവാസികളെത്തി പ്രഥമ ശുശ്രൂഷ നൽകി.
ഇരുട്ടായതു കാരണം വണ്ടിയുടെ നമ്പർ കാണാൻ കഴിഞ്ഞില്ലന്ന് അവർ പറഞ്ഞു. ഈ ഭാഗത്ത് തെരുവുവിളക്കുകളും പ്രകാശിക്കുന്നില്ല. സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശമാകെ ഇരുട്ടാണ്. ഇതിന്റ മറവിലാണ് മോഷ്ടാക്കൾ എത്തിയതെന്നു് കരുതാം. സന്ധ്യ കഴിഞ്ഞാൽ അപരിചിതരായുള്ള ആളുകൾ ധാരാളം പേർ ഈ പ്രദേശത്ത് ഇരുചക്രവാഹനങ്ങളിൽ കറങ്ങുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് പോലീസ് പട്രോളിംഗ് കർശനമാക്കണമെന്ന ആവശ്യവും ശക്തമാണ്.