പത്തനംതിട്ട : റാന്നിയിൽ ബിജെപി പിന്തുണയോടെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രസിഡന്റായത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ ജില്ലാ ഘടകം. റാന്നി പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ ആവശ്യപ്പെട്ടു. മുന്നണി സംവിധാനത്തിൽ ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്ന് എ.പി. ജയൻ പറഞ്ഞു. ബിജെപി പിന്തുണയിൽ ഇടതു മുന്നണി സ്ഥാനാർഥി പ്രസിഡന്റായതിൽ സിപിഎമ്മിനെതിരെ സിപിഐ ലോക്കൽ കമ്മറ്റി തുറന്ന പോരിനിറങ്ങിയതിന് പിന്നാലെയാണ് സിപിഐ ജില്ലാ സെക്രട്ടറിയും വിമർശനമുയർത്തിയിരിക്കുന്നത്.
റാന്നിയിൽ ജോസ് വിഭാഗത്തിലെ ശോഭാ ചാർളി പ്രസിഡന്റായത് സിപിഎം അംഗങ്ങളുടെ വോട്ട് നേടിയാണ്. മൂന്നു സീറ്റിൽ മത്സരിച്ച സിപിഐ മൂന്നിലും തോറ്റിരുന്നു. ഇത് സിപിഎം വോട്ട് മറിച്ചതുകൊണ്ടാണ് എന്നായിരുന്നു സിപിഐ വിമർശനം. സിപിഎം ലോക്കൽ സെക്രട്ടറിയുടെ തന്നിഷ്ടപ്രകാരമാണ് റാന്നിയിൽ കാര്യങ്ങൾ തീരുമാനിച്ചതെന്നും വിമർശനമുണ്ട്. പ്രസിഡന്റ് മറ്റിടങ്ങളിലേത് പോലെ രാജിവച്ച് മാതൃക കാട്ടണം എന്നാണ് സിപിഐ ആവശ്യം. കേരള കോൺഗ്രസ് – ബിജെപി പ്രത്യേക കരാർ ഉണ്ടായിരുന്നുവെന്ന് എ.പി. ജയനും പറഞ്ഞു.