കൊൽക്കത്ത: പശ്ചിമബംഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ വിമതരുടെ പാർട്ടിയായ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ(എൻസിപിഐ)യുമായി സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. സഖ്യസാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് തൃണമൂൽ വിമതയും എംപിയുമായ കകോലി ഘോഷ് ദസ്തിദാർ പ്രതികരിച്ചു. വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആരുമായും സഖ്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സാമിക് ഭട്ടാചര്യ അടുത്തിടെ പറഞ്ഞിരുന്നു. കൊൽക്കത്ത, ഹൗറ തുടങ്ങിയ മുനിസിപ്പൽ കോർപ്പറേഷനുകളിലെല്ലാം പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻസിപിഐയുമായി ഡൽഹിയിൽ ധാരണയുണ്ടായേക്കാം. പക്ഷേ ഡൽഹിയിൽനിന്ന് കൊൽക്കത്ത 1500 കിലോമീറ്റർ അകലെയാണെന്നുമാണ് എൻസിപിഐ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിൽ കൊൽക്കത്തയിലെ വിവിധ സീറ്റുകളിൽ ജനം ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും അതിനാൽ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 209 സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ പാർട്ടിക്ക് കഴിയുമെന്നും ബിജെപിയുടെ തെരഞ്ഞടുപ്പ് സമിതി കൺവീനറായ റിതേഷ് തിവാരിയും പറഞ്ഞു.































