ചെങ്ങന്നൂർ : ഇരു വൃക്കകളും തകരാറിലായ ചെങ്ങന്നൂർ മുഴക്കുഴ പഞ്ചായത്ത് എട്ടാം വാർഡ് മനോജ് ഭവനിൽ ബി.മനോജി (മനു – 48 )നാണ് ഭാര്യ രജനി വൃക്ക നൽകുന്നത്. പക്ഷേ, കുടുംബത്തിന്റെ ഏക ആശ്രയമായ ഗൃഹനാഥനെ രക്ഷിക്കാൻ സ്വന്തം വൃക്ക നൽകാൻ ഭാര്യ തയാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ആവശ്യമായ വൻതുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ പകച്ചു നില്ക്കുകയാണ് ഈ നിർധന കുടുംബം. ടൂറിസ്റ്റ് ടാക്സി ഡ്രൈവറായിരുന്ന മനോജിന് നാലു വർഷം മുമ്പാണ് രോഗ ലക്ഷണം കണ്ടത്. കാൽ പാദങ്ങളിൽ അസാധാരണമായി കണ്ട നീർക്കെട്ടിനെ തുടർന്നായിരുന്നു ആദ്യ പരിശോധന. തുടർന്ന് ചികിത്സയ്ക്കിടെ കണ്ണുകളുടെ കാഴ്ചയും കുറഞ്ഞുവന്നു. ക്രമേണ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ഇപ്പോൾ ഇടതു കണ്ണിനും രോഗം ബാധിച്ചു തുടങ്ങി.
ആറുമാസം മുമ്പ് രോഗം ഗുരുതരമായതോടെ നടത്തിയ പരിശോധനയിലാണ് ഇരു വൃക്കകളും പൂർണമായി തകരാറിലായ വിവരമറിയുന്നത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ. രോഗം കലശലായതിനെ തുടർന്ന് ആഴ്ചയിൽ മൂന്നു വീതം ഡയാലിസിസ് ആണ് ചെയ്തു വരുന്നത്. ഇതിനിടെയാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ വ്യക്ക മാറ്റിവെയ്ക്കണമെന്ന് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഉദാരമതികളായ നാട്ടുകാരുടെയും അയൽക്കാരുടെയും സഹായ ത്തോടെയാണ് മനോജ് ഇത്രനാളത്തേയും ചികിത്സ നടത്തിയത്. മരുന്നുകൾ, കുത്തിവയ്പ്, ഡയാലിസിസ് എന്നിവയ്ക്കായി ഇതിനകം തന്നെ നല്ലൊരു തുക ചെലവായി. ഇനി, അടിയന്തരമായി ശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവയ്ക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമായി 20 ലക്ഷത്തോളം രൂപ വേണ്ടിവരും.
ശസ്ത്രക്രിയ കഴിഞ്ഞാലും മാസംതോറും ഒരു തുക മരുന്നിനും മറ്റുമായി വേണം. വീട്ടമ്മയായ രജനിക്ക് വരുമാന മാർഗമില്ല. തൊഴിലുറപ്പു ജോലിയുൾപ്പെടെ ഏതെങ്കിലും ചെയ്യാമെന്നു കരുതിയാലും മനോജിന്റെ കാര്യങ്ങൾ നോക്കാൻ മറ്റാരുമില്ലാത്ത സ്ഥിതിയാണുള്ളത്. രണ്ടുകുട്ടികളുള്ളതും പറക്കമുറ്റാത്തവരാണ്. മൂത്ത മകൾ പത്താം ക്ലാസ് പാസായി നിൽക്കുന്നു. മകൻ താഴ്ന്ന ക്ലാസിലാണ്. നിലവിലെ സാഹചര്യത്തിൽ മക്കളുടെ തുടർ പഠനവും വഴിമുട്ടി നിൽക്കുന്നു. ഇനി സുമനസുകളുടെ കാരുണ്യം മാത്രമാണ് ഈ സാധുകുടുംബത്തിന്റെ പ്രതീക്ഷ. മനോജിന്റെ പേരിൽ കാനറാ ബാങ്ക് മുളക്കുഴ (ചെങ്ങന്നൂർ ) ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Manoj, Account Number: 5966101002517, IFSC: CNRB0005966, MICR: 689015054. Phone : – 97447 40874, 9847630478