തിരുവനന്തപുരം: ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സ്വകാര്യ ലാബുകളിലും ആന്റിജന്‍ പരിശോധന സൗജന്യമായി നടത്താം. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രോഗലക്ഷണമുള്ളവരെയാണ് സൗജന്യമായി പരിശോധിക്കുക. സര്‍ക്കാര്‍ ലാബുകളില്‍ കാലതാമസമുണ്ടാവുമെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ ലാബുകളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കാം.
സ്വകാര്യ ആശുപത്രികളിലും ലാബുകളിലും 625 രൂപയാണ് ആന്റിജന്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്. ഈ തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു നല്‍കാനാണ് ഉത്തരവ്. കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സൗജന്യ പരിശോധന നടത്താം. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. രോഗലക്ഷണമുള്ളവരിലെ പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍, രുചിയും മണവും നഷ്ടപ്പെടല്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ള ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്വകാര്യ ലാബുകളിലും സൗജന്യമായി ആന്റിജന്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കാം. ഇതിന് ജില്ലാ കളക്ടര്‍മാര്‍ ക്രമീകരണം ഒരുക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.
സര്‍ക്കാര്‍ ലാബുകളിലെ തിരക്കും സ്വകാര്യ ലാബുകളിലെ നിരക്കും കാരണം പരിശോധനക്ക് വിമുഖത കാണിക്കുന്നവരെ ആകര്‍ഷിക്കാന്‍ കൂടിയാണ് നടപടി. ആരോഗ്യം, പോലീസ്, റവന്യൂ, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വളന്റിയര്‍മാര്‍ക്കും ഇത്തരത്തില്‍ പരിശോധന സൗജന്യമായി നടത്താം.
ഓരോ ജില്ലയിലും പ്രതിദിനം ബി.പി.എല്‍ വിഭാഗത്തിലെ 60 വയസിലേറെ പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പോഷകാഹാരക്കുറവുള്ള കുട്ടികള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ തുടങ്ങി 100 പേര്‍ക്കു വീതം ആന്റിജെന്‍ പരിശോധന നടത്തണം.
സര്‍ക്കാര്‍ ലാബുകളില്‍ കാലതാമസമുണ്ടാവുമെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ ലാബുകളില്‍ പരിശോധന നടത്താം. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും 625 രൂപയാണ് ആന്റിജന്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്. ഈ തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു നല്‍കാനാണ് ഉത്തരവ്.