പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബ്രേയ്ക്ക് ദി ചെയിന്‍ ക്യാമ്പയിനോട് അനുബന്ധിച്ച് പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കുമായി തൈക്കാവ് ഗവണ്‍മെന്റ് എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസ് നാഷണല്‍ സര്‍വീസ് സ്‌കീം തയ്യാറാക്കിയ സൗജന്യ ഡയറി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രകാശനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍ കോയ)ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്രക്ക് ഡയറി കൈമാറിയാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രകാശനം നിര്‍വഹിച്ചത്. ആരൊക്കെ കടയില്‍ വന്നു, ഓട്ടോയില്‍ ആരൊക്കെ കയറി, പേര്, മേല്‍വിലാസം, സമയം, തീയതി തുടങ്ങിയവ ഈ ഡയറിയില്‍ രേഖപ്പെടുത്താന്‍ സാധിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രേയ്ക്ക് ദി ചെയിനിന്റെ ഭാഗമായ ഈ ഡയറിക്ക് വലിയ പ്രാധാന്യമാണുള്ളത്.
പത്തനംതിട്ട നഗരത്തിലെ മുഴുവന്‍ വ്യാപാരികള്‍ക്കും ഓട്ടോ ടാക്‌സി ജീവനക്കാര്‍ക്കും ഡയറി വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തൈക്കാവ് ഗവണ്‍മെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സി.എല്‍.സ്‌കറിയ അറിയിച്ചു.
പ്രകാശന ചടങ്ങില്‍ സ്‌കൂള്‍ അധ്യാപകനും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ സി.ടി ജോണ്‍, അധ്യാപകന്‍ ആര്‍.ധനേഷ്, പി.ടി.എ പ്രസിഡന്റ് അഡ്വ.ശ്രീകുമാര്‍, എന്‍.എസ്.എസ് വോളന്റീയര്‍ സെക്രട്ടറി അന്‍സാര്‍ ഇബിനു സാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.