ലക്‌നൗ: ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എസ്.ഐക്ക് സസ്പെന്‍ഷന്‍.
ഉത്തര്‍പ്രദേശിലെ മാര്‍ഹാര പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പ്രഭു ദയാലിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായെന്നും, ഇതേ തുടര്‍ന്നാണ് നടപടി എടുത്തതെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ സിംഗ് പറഞ്ഞു.
ഒരു വ്യക്തിക്കെതിരായ കേസ് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് എസ്‌ഐ ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങിയത്. ഇത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇക്കാര്യം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടയുടനെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തെന്ന് എസ്‌എസ്‌പി കൂട്ടിച്ചേര്‍ത്തു.