കോതമംഗലം: ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍. അബൂ ചാന്ദിക്ക് ഔഹിദിനെയാണ് (35) ആറ് ഗ്രാം ഹെറോയിനുമായി നെല്ലിക്കുഴിയില്‍നിന്നും കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാള്‍ കുറച്ച് ദിവസമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നെല്ലിക്കുഴി കേന്ദ്രീകരിച്ച് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ എം.ഡി.എം.എ, ഹെറോയിന്‍ തുടങ്ങിയ മയക്കുമരുന്നുകളുടെ വില്‍പനയും വിതരണവും നടക്കുന്നതായ വിവരത്തെത്തുടര്‍ന്ന് നെല്ലിക്കുഴിയില്‍ എക്സൈസ് നിരീക്ഷണം ശക്തമായിരുന്നു.
ഇയാളില്‍നിന്നും 50 കുപ്പികളായി ഉദ്ദേശം ആറ് ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടികൂടി. എല്ലാ ആഴ്ചയും അസമില്‍ പോയി കിലോ കണക്കിന് ബ്രൗണ്‍ഷുഗര്‍ കൊണ്ടുവന്നിരുന്നതായി ഇയാള്‍ പറഞ്ഞു. എന്‍.ഡി.പി.എസ് നിയമപ്രകാരം പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ.എ.നിയാസ്, ജയ് മാത്യൂസ്, എ.ഇ.സിദ്ദിഖ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.സി.എല്‍ദോ, പി.എസ്.സുനില്‍, ടി.കെ.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.