തൊടുപുഴ : ആറുമണിക്കൂറോളം നാടിനെ വിറപ്പിച്ച് വിരണ്ടോടിയ പോത്തിനെ മയക്കുവെടിവെച്ച് വീഴ്ത്തി. വണ്ണപ്പുറം കലയന്താനി സ്വദേശി കശാപ്പിനായി കൊണ്ടുവന്ന പോത്താണ് ശനിയാഴ്ച നാട് വിറപ്പിച്ചത്. പോത്തിന്റെആക്രമണത്തില് നിന്ന് രക്ഷപ്പെട്ടോടുന്നതിനിടെ 20ലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.30ഓടെ വണ്ണപ്പുറത്തിന് സമീപം വെണ്‍മറ്റത്തായിരുന്നു സംഭവം. കശാപ്പിനായി കൊണ്ടുവന്ന പോത്തുകളെ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ ഒരെണ്ണം വിരണ്ടോടുകയായിരുന്നു. വണ്ണപ്പുറം-തൊമ്മന്‍കുത്ത് റോഡിലൂടെ ഓടിയ പോത്ത് കണ്ണില്‍ കണ്ട കൃഷികളെല്ലാം നശിപ്പിച്ചു.