തിരുവനന്തപുരം: എസ്.എ.പി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്യാമ്പില്‍ ആയുധങ്ങളുടെ ചുമതലയുണ്ടായിരുന്ന പോലീസുകാരെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. കേസില്‍ ചില നിര്‍ണ്ണായക പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വെടിയുണ്ട നഷ്ടമായ സംഭവത്തില്‍ ഉത്തരവാദികളാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനാണ് ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പതിനൊന്ന് പോലീസുകാരെ പ്രതിചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.
അതേസമയം കുളത്തൂപ്പുഴയില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ എസ്‌എപിക്യാമ്പില്‍ നിന്നും കാണാതായ വെടിയുണ്ടകളല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് സ്റ്റോറില്‍ നിന്നും നല്‍കിയ വെടിയുണ്ടയല്ലെന്ന് സീരിയല്‍ നമ്പറുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതായാണ് സ്ഥിരീകരണം. ഇതില്‍ ചിലതില്‍ പാകിസ്ഥാന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്തുണ്ട്. വെടിയുണ്ടകള്‍ പരിശോധിച്ച ഫൊറസിക് സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനായി തോക്ക് കൈവശം ഉള്ളവരെ കണ്ടെത്തി ചോദ്യം ചെയ്യും. ഒരുവര്‍ഷത്തിനിടെ സമാന കേസുകള്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും.