കോട്ടയം: വൈക്കത്ത് കാറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു മരണം. 10 പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരും ഉദയംപേരൂർ സ്വദേശികളുമായ വിശ്വനാഥൻ, ഭാര്യ ഗിരിജ, മകൻ സൂരജ്, അജിത എന്നിവരാണ് മരിച്ചത്. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ് സംഭവം.
വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. പാലം ഇറങ്ങിവരുന്ന കാറിലേക്ക് അമിത വേഗതയിലായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. സമീപത്തെ മതിലിൽ ഇടിച്ചാണ് ബസ് നിന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കാർ പൂർണമായി തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.