കോട്ടയം: കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിനു ദാരുണാന്ത്യം. ബൈക്ക് യാത്രികനായ സംക്രാന്തി പെരുമ്പായിക്കാട് കിഴക്കാലിക്കല്‍ വര്‍ഗീസ് കുരുവിളയുടെ മകന് കുരുവിള വര്‍ഗീസ് (24)ആണു മരിച്ചത്. ഉച്ചകഴിഞ്ഞ് 2.50നു ബേക്കര്‍ ജംഗ്ഷനു സമീപം വൈഡബ്ള്യുസിഎയ്ക്കു മുമ്പിലാണ് അപകടം നടന്നത്. യുവാവ് ഹെല്‍മെറ്റ് ധരിച്ചിട്ടും ജീവന് രക്ഷിക്കാനായില്ല. ബേക്കര്‍ ജംഗ്ഷനില്‍നിന്നും നാഗമ്പടം സീസര്‍ സ്ക്വയറിലേക്കുള്ള ഇറക്കമിറങ്ങുന്നതിനിടെ വരി തെറ്റിച്ച് അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് യുവാവ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. രണ്ട് മീറ്ററോളം യുവാവിനെയും ബൈക്കിനെയും വലിച്ചിഴച്ചു കൊണ്ടുപോയശേഷമാണ് ബസ് നിന്നത്. ഇയാളുടെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറി ഇറങ്ങി. സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് മരിച്ചു.
കൊട്ടാരക്കരയില്‍നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് അമിത വേഗത്തില്‍ ഇറക്കമിറങ്ങി എത്തുകയായിരുന്നു. ഈ സമയത്ത് മറ്റൊരു വാഹനത്തെ മറികടന്ന ബൈക്കിനെ എതിര് ദിശയില്‍നിന്നും എത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് അടിയില്‍ കുടുങ്ങിയ ബൈക്കുമായി ബസ് മീറ്ററുകളോളം മുന്നോട്ട് നീങ്ങി. ബസിന്റെ മുന്‍ചക്രങ്ങള്‍ യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങി. കണ്ട്രോള് റൂം പോലീസ് സംഘം എത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ പര്‍ച്ചേഴ്സ് മാനേജറാണ് കുരുവിള വര്‍ഗീസ്. നഗരസഭ ഓഫീസില്‍ എത്തിയ പിതാവ് വര്‍ഗീസ് കുരുവിളയെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനു എത്തിയ യുവാവാണു അപകടത്തില്‍പ്പെട്ടത്. വര്‍ഗീസ് കുരുവിളയും സുഹൃത്തുക്കളും ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.