കിടങ്ങറ: നിത്യേനയുള്ള ചെലവിനു പോലും വകയില്ലാതെ ഓടിക്കാനാവാതെവന്ന സ്‌കൂൾ ബസ് തുരുമ്പെടുത്ത് നശിക്കുന്നു. കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ ബസ്സാണ് ഉപയോഗ ശൂന്യമായി തുരുമ്പെടുത്ത് നശിക്കുന്നത്. നാട്ടുകാരുടേയും പി.ടി.എ.യുടേയും ആഗ്രഹപ്രകാരം വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഡിവിഷൻ മെമ്പർകൂടിയായിരുന്ന പ്രതിഭാഹരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വേളയിലാണ് കുട്ടനാട്ടിലെ ഏക ഹയർസെക്കൻഡറി സ്‌കൂളായ കിടങ്ങറ സ്‌കൂളിന് ബസ് അനുവദിച്ചത്. ഓടാൻ തുടങ്ങി ഏതാനും വർഷം കഴിഞ്ഞപ്പോൾത്തന്നെ ബസ് പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലായി.
ഓരോവർഷവും ബസ് റോഡിലിറങ്ങുന്നതിന് മുന്നോടിയായി വരുന്ന പെയിന്റിങ്ടെസ്റ്റിങ് ഉൾപ്പെടെയുള്ള ചെലവും നിത്യവുമുള്ള ഇന്ധന ചെലവും അറ്റകുറ്റപ്പണക്കായി വരുന്ന ചെലവും താങ്ങാനാവാതെ വന്നതാണ് കാരണം. സ്‌കൂളിൽ പഠിക്കുന്നവരിൽ ഭൂരിപക്ഷവും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ്. ഈ ഭാരിച്ച ചെലവ് താങ്ങാനുള്ള ശേഷി ഈ കുട്ടികൾക്കില്ല. വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരുനടപടിയും ഉണ്ടായില്ലന്നു പറയുന്നു. ഇപ്പോൾ ബസ് സ്‌കൂൾ കോമ്പൗണ്ടിൽ നോക്കുകുത്തിയായി കിടക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന വണ്ടി തുരുമ്പെടുത്തു നശിക്കുമ്പോഴും അധികാരികൾക്ക് അനക്കമില്ല.