കൊല്ലം: പ്രതിശ്രുതവരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം വരും ദിവസങ്ങളില്‍ നിര്‍ണായകമാകും. റംസിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് ശേഖരിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസില്‍ ആരോപണ വിധേയയായ സീരിയല്‍ നടിയും പ്രതിശ്രുതവരന്റെ മാതാവുമുള്‍പ്പെടെ കൂടുതല്‍ പേര് പ്രതികളാകുമെന്നാണ് സൂചന. കേസില്‍ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ 155ല്‍ ഹാരീസ് മന്‍സിലില്‍ ഹാരിസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ സമീപിച്ചെങ്കിലും ലോക്കല്‍ പോലീസ് ഹാരിസിനെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നത് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി. പോലീസ് സംഘത്തിലെ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ നിരീക്ഷണത്തിലായ ഹാരിസില്‍ നിന്ന് തെളിവെടുക്കാന്‍ കഴിഞ്ഞില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹാരിസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയില്ലെങ്കിലും ഹാരിസിനെതിരായ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സീരിയല്‍ നടിയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിന്റെ സമയപരിധി നാളെ അവസാനിച്ചശേഷം നടിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒപ്പം ഹാരിസിന്റെ അമ്മയെയും ചോദ്യം ചെയ്യും.
റംസിയുടെ മരണത്തില്‍ ഇവര്‍ക്കുള്ള പങ്ക് ചോദ്യം ചെയ്യലില്‍ വ്യക്തമായാല്‍ ഇരുവരെയും കേസില്‍ പ്രതിചേര്‍ക്കാനാണ് നീക്കം. മരിക്കും മുമ്പ് റംസിയും ഹാരിസിന്റെ മാതാവുമായുള്ള ഫോണ്‍ സംഭാഷണം കേസില്‍ നിര്‍ണായകമാണ്. കഴിഞ്ഞമാസം മൂന്നിനായിരുന്നു റംസിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഹാരിസുമായി 8 വര്‍ഷമായി പ്രണയത്തിലായിരുന്നു റംസി. പ്ലസ് വണ്ണിന് ശേഷം കമ്പ്യൂട്ടര്‍ പഠനത്തിന് പോകുമ്പോഴാണ് പ്രണയത്തിലായത്. പ്രണയ ബന്ധം ഇരുവീട്ടുകാരും അറിയുകയും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയുമായിരുന്നു. ഹാരിസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും. ഒന്നര വര്‍ഷം മുമ്പ് ധാരണപ്രകാരം വളയിടല്‍ ചടങ്ങ് നടത്തി. ഹാരീസിന്റെ ബിസിനസ് ആവശ്യത്തിന് പലപ്പോഴായി ആഭരണവും പണവും നല്കി റംസിയുടെ വീട്ടുകാര്‍ സഹായിച്ചു.
ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു. എന്നാല്‍ പിന്നീട് ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണ് റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരിസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു റംസി. ഇതു സംബന്ധിച്ച് റംസിയും ഹാരിസും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിലൂടെ ഹാരിസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരിസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടര്‍ന്നായിരുന്നു മരണം.ഇതെല്ലാം ഹാരിസിനും കുടുംബത്തിനുമെതിരായ സുപ്രധാന തെളിവുകളായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. വിവാഹനിശ്ചയ ദിവസം ഹാരിസിന് റംസിയുടെ വീട്ടുകാര്‍ സമ്മാനിച്ച ഐ ഫോണും റംസിയുമായുള്ള ഹാരിസിന്റെ അടുപ്പവും പിന്നീടുണ്ടായ ഗര്‍ഭച്ഛിദ്രവും പ്രണയച്ചതിയുമുള്പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
വളയിടീലിന് ശേഷം റംസിയുമായി കൂടുതല്‍ അടുത്ത ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയല്‍ നടി ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ റംസിയെ കൂട്ടിക്കൊണ്ടുപോയതില്‍ ദുരൂഹതയുള്ളതായ റംസിയുടെ വീട്ടുകാരുടെ ആരോപണത്തില്‍ വ്യക്തത വരുത്താനാണ് നടിയെ ചോദ്യം ചെയ്യുന്നത്. ലൊക്കേഷനില്‍ കുഞ്ഞിനെ നോക്കാനും സഹായത്തിനുമാണ് റംസിയെ കൂടെക്കൂട്ടിയതെന്നാണ് നടി ലോക്കല്‍ പൊലീസിന് മൊഴി നല്‍കിയത്. ഗര്‍ഭിണിയായതും ഹാരിസ് വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്ത വിവരം റംസി വെളിപ്പെടുത്തിയിരുന്നു. ഹാരിസും റംസിയും പരസ്പര സമ്മതത്തോടെ ഗര്‍ഭച്ഛിദ്രം നടത്തിയതാകാമെന്നും തനിക്ക് ബന്ധമില്ലെന്നുമാണ് നടി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. ലൊക്കേഷനുകളില്‍ വരണമെന്ന റംസിയുടെ നിര്‍ബന്ധത്തിനാണ് കൊണ്ടുപോയത്. വീട്ടില്‍ തനിച്ച് ബോറടിക്കുന്നുവെന്ന് പറഞ്ഞതിനാല്‍ കൂടെ കൂട്ടിയെന്നാണ് നടി ലോക്കല്‍ പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ നടിക്ക് ഗര്‍ഭച്ഛിദ്രവുമായി ബന്ധമുണ്ടെന്നാണ് റംസിയുടെ വീട്ടുകാരുടെ ആരോപണം. ബെംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്. അതിനുശേഷം ഏതാനും ദിവസം അവിടെ താമസിക്കുകയും ഉല്ലസിക്കുകയും ചെയ്തശേഷമാണ് തിരിച്ചെത്തിയത്. ഗര്‍ഭച്ഛിദ്രം കുറ്റകരമാണെന്നിരിക്കെ റംസിയെ അതിന് വിധേയയാക്കിയ സാഹചര്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബെംഗളൂരുവിലെ ഡോക്ടറെ കണ്ടാലേ അറിയൂ. ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വിധേയമായിട്ടാണോ ചെയ്തതെന്നും വ്യക്തമാകണം. ഇതിനായി അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പോകും. ബെംഗളൂരുവില്‍ ഗര്‍ഭച്ഛിദ്രത്തിന് സീരിയല്‍ രംഗത്തെ ആരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഷൂട്ടിംഗിന്റെ പേരില്‍ ദിവസങ്ങളോളം റംസിയെ കൂട്ടിക്കൊണ്ടുപോയതെവിടെയായിരുന്നുവെന്ന് കണ്ടെത്താന്‍ റംസിയുടെയും സീരിയല്‍ നടിയുടെയും മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ടവര്‍ ലൊക്കേഷനുകളും പരിശോധിക്കപ്പെടും.
ഗര്‍ഭച്ഛിദ്രത്തിന് ഹാരിസ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ചതായി കണ്ടെത്തിയതോടെ സംഭവത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്. റംസിയുടെ പിതാവ് റഹിം പാസ്പോര്‍ട്ട് എടുക്കുന്നതിനായി 2010ല്‍ കൊല്ലൂര്‍ വിള ജുമാമസ്ജിദില്‍ നിന്ന് വാങ്ങിയ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഹാരിസ് ആള്‍മാറാട്ടം നടത്തുകയായിരുന്നു. റംസിയുടെ വീട്ടില്‍ വന്നുപോകാറുണ്ടായിരുന്ന ഹാരിസ് സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കി തന്റെയും റംസിയുടെയുംപേരില് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമയ്ക്കുകയായിരുന്നു. ദമ്പതികളാണെന്ന് തെളിയിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റാണ് ഹാരിസ് ആശുപത്രിയില്‍ ഹാജരാക്കിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കലിനും ഇത് പ്രകാരം ഹാരിസിനെതിരെ കേസെടുത്തിട്ടുണ്ട്. റംസിയെ ഗര്‍ഭച്ഛിദ്രത്തിന് കൊണ്ടുപോകും മുമ്പേ വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ചിരുന്നതിനാല് സംഭവത്തില്‍ മറ്റാരുടെയോ ഉപദേശം ഹാരിസിന് ലഭിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇത് ആരുടെതെന്ന് കണ്ടെത്തിയാല്‍ സംഭവങ്ങളുടെ ആസൂത്രണം കൂടുതല്‍ വ്യക്തമാകും.
ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി റംസിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്കിയ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
































