ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരി രാജ്യമെമ്പാടും പടര്‍ന്നു കൊണ്ടിരിക്കേ, കൂടുതല്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് വിദ്യാർഥികള്‍ സ്‌കൂളില്‍ പോകാനാകാതെ വീട്ടിലിരിക്കുന്ന സ്ഥിതിവിശേഷം കണക്കിലെടുത്ത് തങ്ങളുടെ പഠന ആപ്പ് സേവനങ്ങള്‍ വിദ്യാർഥികള്‍ക്കു സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബൈജൂസ് ആപ്പ്. ഏപ്രില്‍ അവസാനം വരെയാണ് ഈ സൗജന്യം ലഭ്യമാകുക.
ഒന്ന് മുതല്‍ 3 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് കണക്ക്, ഇംഗ്ലീഷ് പാഠങ്ങളും നാലു മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്ക് കണക്ക്, സയന്‍സ് കണ്‍സെപ്റ്റുകളും ആപ്പില്‍ നിന്ന് സൗജന്യമായി പഠിക്കാം. കോവിഡ് പ്രതിസന്ധി മൂലം 22 രാജ്യങ്ങളിലായി 290 ദശലക്ഷം വിദ്യാർഥികളുടെ പഠനം ബാധിക്കപ്പെടുമെന്നാണ് യുണെസ്‌കോ കണക്കാക്കുന്നത്. വിദൂര പഠനമാണ് ഇതിനുള്ള പ്രതിവിധിയായി യുണെസ്‌കോ മുന്നോട്ട് വയ്ക്കുന്നത്.
250 ദശലക്ഷം വിദ്യാർഥികള്‍ സ്‌കൂളുകളില്‍ പോകുന്ന ഇന്ത്യയില്‍ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം പഠനത്തിനും തടസ്സങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്ന് ബൈജൂസ് ആപ്പ് മാനേജ്‌മെന്റ് പറയുന്നു. കേരളം, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ കോവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.