കൊച്ചി : ദേശീയ പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജികളിൽ നിലവിലെ സാഹചര്യം എന്തെന്ന് വിശദീകരിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ 60 കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണന്നും വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുകയാണന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇതേതുടർന്നാണ് നിലപാടറിയിക്കാൻ ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിട്ടത്.
പൗരത്യ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധവും മതേതരത്വത്തിന് എതിരും ആണന്ന് ചുണ്ടിക്കാട്ടി ആലുവ എടത്തല സ്വദേശിയും അഭിഭാഷകനുമായ എം എസ് ഷമീം സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി സുപ്രീംകോടതിയിൽ നൽകുന്നതാവും ഉചിതമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയെങ്കിലും ഹർജിക്കാരൻ വഴങ്ങിയില്ല. തനിക്ക് ഹൈക്കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. കേസ് അടുത്ത ആഴ്ച പരിഗണിക്കും.