ആന്‍ഡ്രോയിഡില്‍ നിന്ന് ഐഓഎസ് പരിസ്ഥിതിയിലേക്ക് മാറിയ പല സുഹൃത്തുക്കളും നേരിട്ട പ്രശ്‌നങ്ങളിലൊന്ന് കോള്‍ റെക്കോർഡിങ് എളുപ്പമല്ലെന്നുള്ളതാണ്. പക്ഷേ പല തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയും റെക്കോർഡിങുണ്ടായിരുന്നെങ്കിലും അത് പണം നൽകേണ്ട ഒരു വളഞ്ഞവഴിയായിരുന്നു. ഇപ്പോൾ അതൊക്കെ പഴങ്കഥകള്‍ ആകുകയാണ്. ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന ഐഓഎസ് 18.1 ഫീച്ചറുകളിലൊന്നായി ഇപ്പോള്‍ പറയപ്പെടുന്നത് ഐഫോണുകളും റെക്കോർഡിങിനായി സജ്ജമാകുന്നു എന്നതാണ്. മാത്രമല്ല ഇത് ടെക്‌സ്റ്റ് ആയി ട്രാന്‍സ്‌ക്രൈബും ചെയ്യാമത്രെ.
ഉപകരണങ്ങളില്‍ കോള്‍ റെക്കോർഡിങ് സംവിധാനം ആപ്പിള്‍ നല്‍കാതിരുന്നതിന് കാരണങ്ങള്‍ പലതാണ്. പല രാജ്യങ്ങളിലും ഇത് നിയമപ്രശ്‌നമായിരുന്നു. രഹസ്യമായി കോള്‍ റെക്കോർഡ് ചെയ്യുന്നത് ധാര്‍മികമായ പ്രശ്‌നവുമാണ്. ഈ പ്രശ്‌നങ്ങളെല്ലാം ലഘൂകരിച്ചാണ് നിലവിൽ കോള്‍ റെക്കോർഡിങ് എത്തുന്നത്. ആപ്പിളിന്റെ നിലവിലെ കോള്‍ റെക്കോർഡിങ് ഫീച്ചര്‍ എല്ലാ പ്രാദേശിക, അന്താരാഷ്ട്ര സ്വകാര്യതാ നിയമങ്ങളും അനുസരിക്കുന്നുണ്ടത്രെ. ഒരാള്‍ കോള്‍ റെക്കോഡിങ് ആരംഭിക്കുമ്പോള്‍ അങ്ങേത്തലയ്ക്കലുള്ള ആളിനെ റെക്കോർഡിങ് ആരംഭിച്ച കാര്യം ഓട്ടോമാറ്റിക് ആയി അറിയിക്കും. ഈ നോട്ടിഫിക്കേഷന്‍ ഡിസേബ്ള്‍ ചെയ്യാനാവില്ല. ഇത്തരം ഒരു ഫീച്ചറിനു വേണ്ട സുതാര്യത ഇതോടെ കൈവരുന്നു. ഓരോ രാജ്യത്തെയും കോള്‍ റെക്കോർഡിങ് നിയമങ്ങള്‍ ഓരോ തരത്തിലാണ് എന്ന കാര്യവും ആപ്പിള്‍ പരിഗണിക്കുന്നു.
എങ്ങനെയാണ് കോള്‍ റെക്കോര്‍ഡിങ് നടത്തുക?
രാജ്യത്ത് കോള്‍ റെക്കോർഡിങ് നിരോധനം ഇല്ലെങ്കില്‍ സാധാരണ കോളുകളും ത്രീ വേ കോളുകളും ഫെയ്‌സ്‌ടൈം ഓഡിയോ കോളുകളും റെക്കോർഡ് ചെയ്യാം:
1. സ്‌ക്രീന് മുകളില്‍ ഇടതു വശത്തുള്ള ഓഡിയോ റെക്കോർഡിങ് ബട്ടണില്‍ ടാപ് ചെയ്യുക
2. ആദ്യമായി ആണ് റെക്കോർഡിങ് ചെയ്യുന്നതെങ്കില്‍ എക്‌സ്‌പ്ലെയിനറില്‍ വരുന്ന ‘കണ്ടിന്യൂ’വിലും ടാപ് ചെയ്യണം
3. മൂന്നു സെക്കന്‍ഡ് നേരത്തേക്ക് കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു. റെക്കോർഡ് ചെയ്യേണ്ടന്ന് തീരുമാനിക്കുകയാണെങ്കില്‍ ഈ സ്‌ക്രീനില്‍ കാണുന്ന എക്‌സ് (X) ബട്ടണില്‍ ടാപ് ചെയ്യുക.
4.കൗണ്ട്ഡൗണ്‍ അവസാനിക്കുമ്പോള്‍ കോളിലുള്ള എല്ലാവര്‍ക്കും ‘ദിസ് കോള്‍ ഇസ് ബിയിങ് റെക്കോർഡഡ്’ എന്ന സന്ദേശം കേള്‍ക്കാം.
5.ഈ സമയത്ത് സ്‌ക്രീനില്‍ റെക്കോര്‍ഡിങ് ബാറും പ്രത്യക്ഷപ്പെടുന്നു. ഓഡിയോ ലെവല്‍, കഴിഞ്ഞ സമയം, സ്‌റ്റോപ് ബട്ടണ്‍ എന്നിവയും ഉണ്ടായിരിക്കും.
6.സ്റ്റോപ് ബട്ടണില്‍ വിരലമര്‍ത്തി റെക്കോഡിങ് അവസാനിപ്പിക്കേണ്ടപ്പോള്‍ അവസാനിപ്പിക്കാം. ഇപ്പോള്‍ ‘ദിസ് കോള്‍ ഇസ് നോ ലോങ്ഗര്‍ ബിയിങ് റെക്കോർഡഡ്’ എന്ന സന്ദേശം കോളിലുളളവരെല്ലാം കേള്‍ക്കും. മിക്ക രാജ്യങ്ങളിലെയും സുതാര്യതാ നിയമങ്ങള്‍ പാലിക്കാന്‍ ഈ നടപടിക്രമങ്ങള്‍മതിയാകും.
7. നോട്‌സ് ആപ്പില്‍ നിന്ന് ‘യൂ സേവ്ഡ് കോള്‍’ എന്ന നോട്ടിഫിക്കേഷനും കാണിക്കും.