പത്തനംതിട്ട : വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് പത്തനംതിട്ട ജില്ലയിലെ ഇരുപതിലധികം സഹകരണ ബാങ്കുകൾ യു.ഡി.എഫിൽ നിന്നും പിടിച്ചടക്കി നാശോന്മുഖമാക്കിയ പത്തനംതിട്ടയിലെ സി.പി.എം ക്രിമിനലുകളുടേയും ഗുണ്ടകളുടേയും കൂടാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഭരണഘടന സംരക്ഷിക്കുവാൻ ബാദ്ധ്യതയുള്ള മന്ത്രിയും ജനാധിപത്യ പാർട്ടി എന്നവകാശപ്പെടുന്ന പാർട്ടി നേതാക്കളും കാപ്പ, കൊലപാതക ശ്രമം, ബലാൽസംഘ, മയക്കുമരുന്ന് കേസുകളിലെ പ്രതികളെ മുദ്രാവാക്യം വിളിച്ചും രക്തഹാരമണിയിച്ചും സ്വീകരിക്കുന്നത് ഗുരുതരമായ ഭരണഘടനാ ലംഘനവും നീതീകരിക്കാനാകാത്ത നടപടിയുമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
തുമ്പമൺ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എം ക്രിമിനലുകളും പോലീസും അഴിഞ്ഞാട്ടം നടത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി. പത്തനംതിട്ടയിലെതടക്കം കേരളത്തിലെ സഹകരണ ബാങ്കുകൾ പിടിച്ചെടുത്ത് കൊള്ള നടത്തുന്ന സി.പി.എം നേതാക്കൾ സഹകരണ പ്രസ്ഥാനത്തിന്റെ ആരാച്ചാർമാരായി മാറിയിരിക്കുകയാണെന്നും ഇതിന് കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ നല്കിയതു പോലെ കനത്ത തിരിച്ചടി നല്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, മുൻ പ്രസിഡന്റ് അഡ്വ. കെ.ശിവദാൻ നായർ നേതാക്കളായ സാമുവൽ കിഴക്കുപുറം, തോപ്പിൽ ഗോപകുമാൻ, ജി.രഘുനാഥ്, ഡി.എൻ. തൃതീപ്, പഴകുളം ശിവദാസൻ, ലാലി ജോൺ , നരേദ്രനാഥൻ നായർ ഷെറിഫ് പന്തളം , നൗഷാദ് റാവുത്തർ എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു.