കൊച്ചി : ഹാഥ്‌റസ് കേസില്‍ ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ മഥുര കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുമായി കഴിഞ്ഞ ദിവസം യുപി പോലീസ് കേരളത്തിലെത്തിയിരുന്നു. നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്ത റൗഫിന് വെള്ളിയാഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപി പോലീസിന്റെ നടപടി. കാക്കാനാട്ടെ ജില്ലാ ജയിലിലെത്തിയായിരുന്നു അറസ്റ്റ്.
കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) സംഘടിപ്പിച്ച ആയുധപരിശീലനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. കേസെടുത്തിരുന്നു. ഇതില്‍ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നു വ്യക്തമായതിനെത്തുടര്‍ന്ന് ഇ.ഡി. ഡല്‍ഹി യൂണിറ്റ് പ്രത്യേക കേസെടുത്തു. ഇതിലാണ് കഴിഞ്ഞ ഡിസംബറില്‍ റൗഫിനെ അറസ്റ്റുചെയ്തിരുന്നത്.
ഇതിനുശേഷമാണ് റൗഫിനെതിരേ യു.പി. പോലീസ് ഹാഥ്റസ് കലാപശ്രമത്തില്‍ കേസെടുത്തെന്ന് കോടതിയില്‍ വ്യക്തമാക്കിയത്. റൗഫിനെ അറസ്റ്റുചെയ്യാന്‍ യു.പി. പോലീസ് നേരത്തെ എറണാകുളത്തെത്തിയിരുന്നുവെങ്കിലും ജാമ്യാപേക്ഷയില്‍ വാദം നീണ്ടുപോയതിനാല്‍ അറസ്റ്റുചെയ്യാതെ മടങ്ങുകയായിരുന്നു. ഹാഥ്റസ് സംഭവത്തെത്തുടര്‍ന്ന് ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടയില്‍ യു.പി. സ്വദേശികളായ അത്തീഖുര്‍ റഹ്മാന്‍, മസൂദ് അഹമദ്, ആലം, മലയാളി പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ എന്നിവരെ യു.പി. പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.