റിയാദ് : നിയന്ത്രണം വിട്ട കാർ പാലത്തിന് മുകളിൽ നിന്ന് താഴയുള്ള റോഡിൽ വീണ് പാകിസ്ഥാൻ പൗരന്മാരായ ആറു പേര്‍ മരിച്ചു. ജുബൈൽ -റോയൽ കമീഷൻ റോഡിൽ ജുബൈൽ വ്യവസായ മേഖലയിലേക്കുള്ള എക്സിറ്റ് ഏഴിൽ മറാഫിഖ് പ്ലാന്റിലേക്ക് ഇറങ്ങുന്ന പാലത്തിൽ തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ഷെവർലെ കാർ പാലത്തിന്റെ കൈവരിക്ക് മുകളിലൂടെ താഴെ റോഡിലേക്ക് തലകീഴായി പതിയ്ക്കുകയായിരുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന സഹോദരങ്ങളായ സൽമാൻ, ഷീഷൻ എന്നിവരടക്കം എല്ലാവരും തൽക്ഷണം മരിച്ചു. പോലീസും അഗ്നിശമന സേനയും എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജുബൈലിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരായിരുന്ന ഇവർ ചെറിയ നിർമാണ പണികൾ ഏറ്റെടുത്തു ചെയ്തുവരികയായിരുന്നു. വ്യവസായ മേഖല കേന്ദ്രീകരിച്ച് ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ആറുമാസം മുമ്പായിരുന്നു സൽമാന്റെ വിവാഹം.