പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം. എതിരെ വന്ന ഒരു ടെമ്പോ വാനുമായാണ് സുകുമാരൻ നായർ സഞ്ചരിച്ചിരുന്ന കാർ കൂട്ടിയിച്ചത്. പരിക്കേറ്റ സുകുമാരൻ നായരെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.
അപകടത്തിൽ സുകുമാരൻ നായരുടെ മൂക്കിനാണ് പരിക്കേറ്റത്. ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടം നടന്നയുടൻ പ്രദേശത്തുണ്ടായിരുന്ന എൻഎസ്എസ് പ്രവർത്തകരും ജീവനക്കാരും ചേർന്ന് മറ്റൊരു വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപെട്ടു.































