കൊച്ചി : സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സമാധാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പാതിരാ കുർബാനയ്ക്കിടെയായിരുന്നു പരാമര്‍ശം.
സാധാരണ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കാറുള്ളത്. എന്നാൽ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനാൽ സംഘർഷം ഒഴിവാക്കാനായി കർദിനാൾ സെന്റ് തോമസ് മൗണ്ടിൽ കുർബാന അർപ്പിക്കുകയായിരുന്നു. എകീകൃത കുർബാന ക്രമം അനുസരിച്ചാണ് കർദിനാൾ ദിവ്യ ബലി അർപ്പിച്ചത്.
സെന്റ് മേരീസ് ബസിലിക്കയിൽ ജനാഭിമുഖ കുർബാന നടന്നു. പള്ളി വികാരി ഫാദര്‍ ഡേവിഡ് മാടവന കാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ തിരുപ്പിറവി ദിവ്യബലി അർപ്പിച്ചു. പുത്തൻകുരിശ് സെന്റ് അത്താനാസിയോസ് കത്തീഡ്രലിൽ ക്രിസ്തുമസ് ശുശ്രൂഷകൾക്കു ശ്രേഷ്ഠ കാതോലിക്ക ബാവ പ്രധാന കാർമികത്വം വഹിച്ചു. കരിങ്ങാച്ചിറ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശുശ്രൂഷകൾക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.