തിരുവനന്തപുരം : ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസെടുത്തു. നേരത്തേ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ ശാന്തിവിള ദിനേശ് തന്നെ പേരുപറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി ഭാഗ്യലക്ഷ്മി പലതവണ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം യുട്യൂബ് വീഡിയോയിലൂടെ സാമൂഹിക, സാംസ്‌കാരിക സിനിമാരംഗത്തെ സ്ത്രീകളെ അപമാനിച്ച വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്കിയിട്ടും നടപടി എടുക്കാതായതോടെയാണ് നേരിട്ട് പ്രതികരിച്ചതെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.
സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ്‌ക്കെതിരേയും വിജയ്യുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരേയും കേസെടുത്തിരുന്നു. നടപടികളെ നിയമപരമായി നേരിടുമെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ഇതിനിടയിലാണ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.