നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം : ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് അയ്യപ്പ ഭക്തസംഗമം

For full experience, Download our mobile application:
Get it on Google Play

അയിരൂര്‍ : ആചാര സംരക്ഷണത്തിനായി നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് 114 മത് ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന്റെ നാലാം ദിവസം നടന്ന അയ്യപ്പ ഭക്തസംഗമം ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മകമായ സമീപനത്തിൽ അയ്യപ്പ ഭക്ത സംമ്മളനം പ്രതിഷേധിച്ചു. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള റിവ്യൂ ഹർജിയിൽ സർക്കാർ അയ്യപ്പ ഭക്തരോടൊപ്പം നിന്ന് അവരുടെ വിശ്വാസം സംരക്ഷിക്കുന്ന തരത്തിൽ ആവശ്യമായ സത്യവാങ്ങ്മൂലം നൽകണമെന്നും ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഒത്തുചേർന്ന അയ്യപ്പഭക്ത സമ്മേളനം ഐക്യകണ്ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അയിരൂർ ഹിന്ദുമത മഹാമണ്ഡലം ജനറൽ സെക്രട്ടറി എ ആർ വിക്രമൻപിള്ള പ്രമേയം അവതരിപ്പിച്ചു.

അയ്യപ്പഭക്ത സമ്മേളനം പന്തളം രാജ പ്രതിനിധി പുണർതം നാൾ നാരായണ വർമ്മ ഉത്ഘാടനം ചെയ്തു. അയ്യപ്പന്റെ ആചാരങ്ങളെ സംരക്ഷിക്കാൻ നാമജപ ഘോഷയാത്ര നടത്തിയ ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഭക്തരാണ് ക്ഷേത്രങ്ങളുടെ കാര്യത്തിൽ അന്തിമമായ തീരുമാനമെടുക്കേണ്ടത്. ദേവസ്വം ബോർഡിന് ഒരു കാര്യസ്ഥന്റെ റോൾ മാത്രമാണുള്ളത്. 41 നാൾ വ്രതം നോക്കി അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്തർക്ക് ഒരു സെക്കന്റ് പോലും ദർശനം ലഭിക്കുന്നില്ല എന്ന് പരാതിയുണ്ട്. ശബരിമല ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയല്ല. വെർച്ച്വൽ ക്യൂ പോലുള്ള നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന കാലത്ത് ദിവസേന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ ദർശനം നടത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വെർച്ച്വൽ ക്യൂ നിയന്ത്രണം വഴി ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം കുറക്കാൻ ഗൂഡശ്രമം നടക്കുന്നതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച അഖില ഭാരത അയ്യപ്പ സേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജഗോപാൽ അരോപിച്ചു. വെർച്ച്വൽ ക്യൂവിൽ ക്രിത്രിമമായി ആരുടെയൊക്കെയോ പേരുകൾ ബുക്ക് ചെയ്യപ്പെടുമ്പോൾ യഥാർത്ഥ ഭക്തർക്ക് പലപ്പോഴും വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യാൻ കഴിയില്ല. സ്പോട് ബുക്കിങ്ങും ഇപ്പോൾ കേവലം 5000 ആയി പരിമിതപ്പെടുത്തി. ശബരിമലയിൽ സേവനം നടത്താൻ തയ്യാറുള്ള അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം തുടങ്ങിയ സംഘടനകൾക്ക് ശബരിമലയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അവിടെ ഒരു പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ദുരിതങ്ങളകറ്റാൻ ഭക്തർ തലക്കുഴിഞ്ഞ് സമർപ്പിച്ച ചില്ലി കാശിൽ നിന്നാണ് ഒരു പ്രയോജനവുമില്ലാത്ത അയ്യപ്പ സംഗമം എന്ന ധൂർത്തിനും കോടികൾ നൽകിയതെന്നും വി കെ രാജഗോപാൽ കുറ്റപ്പെടുത്തി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ വേണമെന്നും ക്ഷേത്രത്തിന്റെ പാവനതയും പവിത്രതയും കാത്ത് സൂക്ഷിക്കണമെന്നും പത്തനംതിട്ട ഋഷി ജ്ഞാന സാധനാലയത്തിലെ ദേവി ജ്ഞാനാഭനിഷ്ഠ ഗിരി മാതാജി അഭിപ്രായപ്പെട്ടു. അയ്യപ്പ ഭക്ത സംഗമത്തിൽ ശബരിമല ചൈതന്യം, ഭക്തിയും ശുദ്ധിയും, ക്ഷേത്രാരാധനയുടെ ആത്മീയതയും എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തുകയായിരുന്നു ദേവി ജ്ഞാനാഭനിഷ്ഠ. ഉള്ളിലെ അജ്ഞതകളെ നീക്കി അറിവാകുന്ന വെളിച്ചത്തെ നിറക്കുകയാണ് ശബരിമല തീർത്ഥാടനത്തിലൂടെ അയ്യപ്പഭക്തര്‍ ചെയ്യുന്നതെന്നും പ്രഭാഷണത്തിൽ ദേവി ജ്ഞാനാഭനിഷ്ഠ പറഞ്ഞു.

ഈശ്വരനെ അറിയാൻ ഹൈന്ദവ മതത്തിൽ പല വഴികൾ ഉണ്ട്. അതാണ് ഹൈന്ദവ മതത്തിന്റെ സൗന്ദര്യമെന്ന് പ്രശസ്ത ചരിത്രകാരൻ ഡോ. എം ജി ശശിഭൂഷൺ പറഞ്ഞു. ശബരിമല അയ്യപ്പൻ കെട്ടുകഥകളിൽ നിന്ന് സത്യത്തിലേക്ക് ഒരു ചരിത്രപരമായ പുന:പരിശോധന, എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുമതം ആദ്യ കാഴ്ചയിൽ ബഹുദൈവ വിശ്വാസമാണെങ്കിലും അന്തരാർത്ഥത്തിൽ അത് ഏകദൈവ വിശ്വാസമാണ്. ദേവനെ ഗുരുവായി സങ്കൽപ്പിക്കുന്നതാണ് ശാസ്താവ് എന്ന ഈശ്വര സങ്കൽപ്പം. ശാസിക്കുന്ന ഗുരു എന്നാണ് ശാസ്താവ് എന്ന വാക്കിന്റെ അർത്ഥം. ശബരിമല ദ്രാവിഡ ആരാധനാലയമാണെന്നും പന്തളവുമായി ബന്ധമില്ലെന്നും മറ്റും മോൺസൺ മാവുങ്കലിന്റെ ചെമ്പോലയെ ഉദ്ധരിച്ച് സർക്കാരിനെ പ്രീതിപ്പെടുത്താൻ ഇന്നും ചില വ്യാജ ചരിത്രകാരന്മാർ വ്യാഖ്യാനങ്ങൾ നൽകുന്നുണ്ട്. ഇത്തരക്കാർക്ക് ലക്ഷങ്ങളുടെ അവാർഡുകൾ പ്രതിഫലമായി ലഭിക്കുന്നുണ്ട്. ബുദ്ധമതം സനാതന ധർമ്മത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഹിന്ദുമതം നിർണ്ണായകമായ ഒരു ശക്തിയായി നിലനിൽക്കുന്ന കാലത്തോളം ഇന്ത്യയിൽ ജനാധിപത്യം തുടരുമെന്നും പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

അവിശ്വാസികളുടെ ഭരണം ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾക്ക് ചൈതന്യ ലോപത്തിന് കാരണമായതായി ചടങ്ങിൽ ” ശബരിമലയുടെ ചൈതന്യ സംരക്ഷണം പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബൂ പറഞ്ഞു. കച്ചവട കേന്ദ്രങ്ങളായാണ് അവിശ്വാസികൾ ക്ഷേത്രങ്ങളെ കാണുന്നത്. ശബരിമലയിൽ നടന്ന സ്വർണ്ണ കൊള്ള അടക്കമുള്ള പ്രശ്നങ്ങൾ അവിശ്വാസികൾ ക്ഷേത്ര ഭരണത്തിൽ കയറിയതിന്റെ  ഫലമായാണെന്നും ആർ വി ബാബു പറഞ്ഞു. ചടങ്ങിൽ ഹിന്ദു മത മഹാമണ്ഡലം ജനറൽ കമ്മറ്റി അംഗം പി ആർ ഷാജി സ്വാഗതവും റ്റി പി ഹരിദാസൻ നായർ നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...