ബംഗളൂരു: കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) നിക്ഷേപ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ സിബിഐ അറസ്റ്റുചെയ്ത കര്‍ണാടക മുന്‍ കോണ്‍ഗ്രസ് മന്ത്രി ആര്‍ റോഷന്‍ ബേഗിന്റെ പുലികേശി നഗറിലെ വസതിയില്‍ ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. തിങ്കളാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ട് വരെ നീണ്ടുനിന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 12 പേരടങ്ങുന്ന സിബിഐ ഉദ്യോഗസ്ഥരുടെ സംഘമാണ് രാവിലെ മുതല്‍ കോള്‍സ് പാര്‍ക്കിലെ ബേഗിന്റെ ഉടമസ്ഥതയിലുള്ള വസതിയില്‍ തിരച്ചില്‍ നടത്തിയത്.
നാലായിരം കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സിബിഐ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ബേഗിനെ അറസ്റ്റുചെയ്തത്. ഏഴുതവണ എംഎല്‍എയെ ബേഗിനെ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ബേഗ് ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണ്. ഒരുലക്ഷത്തോളം നിക്ഷേപകരാണ് വഞ്ചിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം പദ്ധതിയുടെ ആസൂത്രകന്‍ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ രാജ്യം വിട്ടതോടെയാണ് വന്‍ അഴിമതിയുടെ വിവരം പുറത്തായത്.