കുന്നംകുളം: കുന്നംകുളത്ത് വേര്‍പാട് സഭ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം. വടക്കാഞ്ചേരി ആര്യാപാടം സ്വദേശിയായ 102 വയസ്സുള്ള വയോധികയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് വി നാഗല്‍ ബറിയല്‍ ഗ്രൗണ്ടിലേക്ക് പ്രതിഷേധവുമായി പരിസരവാസികള്‍ എത്തിയത്.
മരിച്ച കുഞ്ഞിതിയുടെ വീട്ടിലുള്ള രണ്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 10 അടി താഴ്ചയിലാണ് കുഴിയെടുത്തത്. പി.പി.ഇ കിറ്റ് ധരിച്ചവര്‍ മൃതദേഹം കുഴിയിലേക്ക് ഇറക്കിയ ഉടനെ നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ മൃതദേഹം കുഴിയിലേക്ക് ഇറക്കിയവര്‍ സ്ഥലം വിട്ടു.
സെമിത്തേരിയുടെ മതിലിനോട് ചേര്‍ന്ന് കുഴിയെടുത്തതാണ് തര്‍ക്കത്തിന് കാരണം. പ്രതിേഷധം ഉയര്‍ന്നതോടെ മൃതദേഹം മൂടാന്‍ കഴിയാത്ത സ്ഥിതിയായി. അനിശ്ചിതാവസ്ഥ തുടര്‍ന്നതോടെ കുന്നംകുളം പോലീസും ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും സ്ഥലത്തെത്തി. നാട്ടുകാരുടെ ആവശ്യപ്രകാരം മണ്ണുമാന്തിയന്ത്രം കൊണ്ട് സെമിത്തേരിയുടെ മധ്യഭാഗത്ത് മറ്റൊരു കുഴിയെടുത്ത് ആദ്യം ഇറക്കിയ കുഴിയില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് സംസ്കരിച്ചു.