പത്തനംതിട്ട : ചന്ദ്രനുണ്ണിത്താൻ വധക്കേസ് സി പി എം ബി ജെ പി ഗൂഡാലോചനയിൽ അട്ടിമറിച്ചതായി ആക്ഷേപം ശക്തമാകുന്നു. കേസിൽ പ്രതികളായിരുന്ന ഡിവൈഎഫ്ഐ നേതാക്കളായ സന്ദീപ്, വിഷ്ണു എന്നിവരെ ഒഴിവാക്കാനാണ് ബിജെപി നേതാക്കളായ ബിനുകുമാർ അരുൺകുമാർ എന്നിവരുടെ മൊഴികൾ ബോധപൂർവ്വം തിരുത്തിയതെന്ന കടുത്ത ആക്ഷേപമാണ് മുൻ എംഎൽഎ അഡ്വ.കെ.ശിവദാസൻ നായർ ഉയർത്തുന്നത്.
നിലവിൽ കേസിൽ പ്രതികളായിട്ടുള്ളവരും രക്ഷപെടുന്ന തരത്തിലേക്ക് എഫ് ഐ ആർ തിരുത്തിയെന്ന ആക്ഷേപമാണ് പുറത്തു വരുന്നത്. ആരോപണങ്ങൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം . ശബരിമല വിഷയം സംസ്ഥാനത്ത് വീണ്ടും ചർച്ചാവിഷയമായ പുതിയ സാഹചര്യത്തിൽ സംഭവത്തിന് പുതിയ മാനം കൈവരുകയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയം ഏറ്റെടുത്ത് ബി ജെ പി സംസ്ഥാനത്ത് ആകമാനം സമരമുഖം തുറന്ന 2019 ജനുവരി 2ന് ആണ് പന്തളത്ത് സംഘർമുണ്ടായത്. ഈ സംഘർഷത്തിനിടെയാണ് ചന്ദ്രൻ ഉണ്ണിത്താൻ മരണപ്പെടുന്നത്. സംഭവം നടന്ന ദിവസം തന്നെ ബിജെപിക്കാരനായ രഞ്ജിത്ത് മുരളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ നാലാം സാക്ഷിയായ ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി എം ബി ബിനുകുമാർ, ബി ജെ പി നഗരസഭാ സെക്രട്ടറി അരുൺകുമാർ എന്നിവർ നൽകിയ പ്രാഥമിക മൊഴികൾ തിരുത്തിയാണ് ഡിവൈഎഫ്ഐ നേതാക്കളെ രക്ഷപെടാൻ ധാരണയായെന്നാണ് ആക്ഷേപം. സംഭവം ഇതിനിടെ പുറത്തായതോടെ പോലീസ് മൊഴി തിരുത്തിയെന്ന ആക്ഷേപവുമായി ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു. വിദ്യാസമ്പന്നരായ രണ്ട് ബിജെപി നേതാക്കൾ പോലീസിൽ നൽകിയ മൊഴി വായിച്ച് നോക്കാതെ ഒപ്പിട്ട് നൽകിയെന്ന വിശദീകരണം നിലനിൽക്കുന്നതല്ലെന്ന് ആക്ഷേപം ഉന്നയിക്കുന്നവർ പറയുന്നു. ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണ ആയുധമാക്കാനുള്ള തന്ത്രത്തിന് ഏറ്റ പുതിയ പ്രഹരമാണ് ശിവദാസൻ നായരുടെയും കോൺഗ്രസിന്റെയും ആക്ഷേപം.