ന്യൂഡല്‍ഹി : ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നോ ഹിന്ദുസ്ഥാന്‍ എന്നോ ആക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. ഇന്നലെയായിരുന്നു കോടതി ഈ ഹര്‍ജി പരിഗണിക്കുമെന്നു വ്യക്തമാക്കിയിരുന്നത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അവധിയിലായതിനാലാണ് ഹര്‍ജി മാറ്റിയതെന്നാണ് വിവരം. ഹര്‍ജി ഇനി എന്നാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
ബ്രിട്ടീഷുകാരുടെ കാലത്തുള്ള പേര് മാറ്റി ഇന്ത്യയുടെ ദേശീയത ഉണര്‍ത്തുന്ന പേരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകനായ നമാഹ് ആണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഇന്ത്യയ്ക്ക് പല രേഖകളിലും പല പേരുകളാണെന്നും ഇത് ഒന്നാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ആധാറില്‍ ഭാരത് സര്‍ക്കാരെന്നും ഡ്രൈവിങ് ലൈസന്‍സില്‍ യൂണിയന്‍ ഓഫ് ഇന്ത്യ എന്നും പാസ്‌പോര്‍ട്ടില്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നും വ്യത്യസ്തമായി രേഖപ്പെടുത്തിയിരിക്കുന്നത് സംശയമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു . എന്നാല്‍ ഇന്ത്യയുടെ പേര് മാറ്റണമെന്നു മുന്‍പും കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. അന്നു സുപ്രിംകോടതി അതു തള്ളുകയും ഹര്‍ജിക്കാരനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.