ന്യൂഡല്‍ഹി: 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് കടന്ന വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരന്‍ നെഹല്‍ ദീപക് മോദിക്കെതിരെ അമേരിക്കയില്‍ കേസ്. എല്‍.എല്‍.ഡി ഡയമണ്ട്സ് യു.എസ്.എ എന്ന കമ്പനിയില്‍ നിന്ന് ഒരു ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന വജ്രങ്ങള്‍ നേടാന്‍ തട്ടിപ്പ് നടത്തിയെന്നാണ് കുറ്റം.
മന്‍ഹാട്ടണ്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സി വാന്‍സ് ജൂനിയറിന്‍റെ ഓഫീസ് ഡിസംബര്‍ 18ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയില്‍ നിന്ന് 2.6 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന രത്നങ്ങള്‍ നേടുന്നതിന് തെറ്റായ പ്രാതിനിധ്യം നല്‍കി അനുകൂല വായ്പാ നിബന്ധനകള്‍ ഉണ്ടാക്കിയെന്നാണ് നെഹല്‍ മോദിക്കെതിരായ പരാതി.
2019 സെപ്റ്റംബറില്‍ നെഹല്‍ മോദിക്കെതിരെ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും നീരവ് മോദിയെ സഹായിച്ചെന്നാണ് സഹോദരന്‍ നെഹലിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്നത്.
2018 ജനുവരിയില്‍ രാജ്യംവിട്ട നീരവ് മോദി ഒരു വര്‍ഷം പിന്നിട്ടതിനു ശേഷമാണ് ലണ്ടനില്‍ അറസ്റ്റിലാവുന്നത്. നീരവിനെ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ബാങ്ക് വായ്പ തട്ടിപ്പുകേസില്‍ നീരവ്മോദിയും അമ്മാവന് മെഹുല്‍ ചോംസ്കിയുമാണ് പ്രധാന പ്രതികള്‍. തട്ടിപ്പു പുറത്തുവന്ന ഉടന്‍ ഇരുവരും ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞിരുന്നു.