ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭാ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി തകർന്നു വീണു. രാവിലെ 8 മണിയോടെയാണ് ഓഫീസിലെ റവന്യൂ വിഭാഗം പ്രവർത്തിക്കുന്ന മുറിയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണത്. വലിയ സിമന്റ് കട്ടകളായാണ് ഇവ നിലംപതിച്ചത്. എട്ട് ജീവനക്കാർ ജോലി ചെയ്യുന്ന ഈ മുറിയിൽ നഗരസഭയുടെ ലൈസൻസുകള്‍ പുതുക്കുന്നതിന് ധാരാളം ആളുകളാണ് ദിവസേന എത്തുന്നത്. ഓഫീസ് പ്രവര്‍ത്തന സമയം അല്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടകരമായ ഈ മുറി അടച്ചിട്ടു. റവന്യൂ വിഭാഗത്തിന്റെ പ്രവർത്തനം താല്‍ക്കാലികമായി വൈസ് ചെയർപേഴ്സന്റെ മുറിയിലേക്ക് മാറ്റി. എന്നാല്‍ ഈ മുറി വളരെ ചെറുതും സൌകര്യങ്ങള്‍ തീരെയില്ലാത്തതുമാണ്. നികുതി അടക്കാനെത്തുന്നവര്‍ക്കും ലൈസൻസ് പുതുക്കാന്‍ വരുന്നവര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു.
മുപ്പത്തി അഞ്ചു വർഷത്തിലേറെ പഴക്കമുള്ള കെട്ടിട സമുച്ചയത്തിന്റെ രണ്ടാം നിലയിലാണ് നഗരസഭ ഓഫീസും കൗൺസിൽ ഹാളും കൗൺസിലർമാരുടെ മുറികളും പ്രവർത്തിക്കുന്നത്. ഈ നിലയിലെ മേൽക്കൂരയുടെ വിവിധ ഭാഗങ്ങളിൽ കോൺക്രീറ്റു പാളികൾ അടർന്ന നിലയിലാണ്. എന്നാൽ തെർമോക്കോൾ ഉപയോഗിച്ചുള്ള സീലിംഗ് സ്ഥാപിച്ചതിനാല്‍ മേൽക്കൂരയിലെ വിള്ളലുകൾ പുറമേ കാണാൻ കഴിയുന്നില്ല. സംഭവത്തെ തുടർന്ന് ഓഫീസ് കെട്ടിടത്തിലെ മേൽക്കൂര മുഴുവൻ ഭാഗവും പരിശോധിക്കാൻ എഞ്ചിനീയറിംഗ് വിഭാഗം നടപടിയെടുത്തു. കെട്ടിടത്തിന്റെ ബലക്ഷമതയും പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.