ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ചില സ്വകാര്യബസുകള്‍ ഓടിക്കുന്നത് ഇരുചക്രവാഹന ലൈസന്‍സ് പോലും ഇല്ലാത്തവരെന്ന് പരിശോധനയില്‍ കണ്ടെത്തി. ഏത് ജീവനക്കാർക്കും യഥേഷ്ടം ബസ്സ് ഓടിക്കാമെന്ന സ്ഥിതിയാണെന്ന് ബസ്സ് പരിശോധിച്ച മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ഉടമയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നതെന്നും ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ഉടമയുടെ അടുപ്പക്കാരെ യോഗ്യത നോക്കാതെ വണ്ടിയുടെ സകല ഉത്തരവാദിത്വവും ഏൽപ്പിക്കുന്നത് പതിവാണെന്ന് സ്വകാര്യ ബസ്സിലെ ജീവനക്കാർതന്നെ പറയുന്നു. ഇത്തരത്തിൽ വാഹനമോടിച്ച ബസ് ജീവനക്കാരനെ മഫ്ത്തിയിൽ ബസ്സിൽ കയറിയ ചെങ്ങന്നൂർ എം.വി.എ വി.ബിജു നേരിട്ടു പിടികൂടി. യൂണിഫോം ഇല്ലാതെ വാഹനം ഓടിക്കുന്ന വ്യക്തിയോട് ലൈസൻസ് ചോദിച്ചപ്പോൾ മോട്ടോർ സൈക്കിൾ ലൈസൻസ് പോലും ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല.
വിദ്യാർഥികളെ ബസ്സിൽ കയറ്റാതെയും കൺസഷൻ കൊടുക്കാതെയും പോകുന്നതിനെക്കുറിച്ച് സ്വകാര്യ സ്കൂളുകള്‍ നൽകിയ പരാതിയെതുടർന്നാണ് എം.വി.എ പരിശോധന നടത്തിത്. സ്കൂൾകുട്ടികളുടേയും മറ്റുയാത്രകാരുടെയും വളരെ അധികം തിരക്കുള്ള സമയത്താണ് ഈ ഗുരുതര വീഴ്ച കണ്ടെത്തിയത്. ബസുടമകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം നിരുത്തരവാദപരമായ നടപടികൾ വലിയ ദുരന്തത്തിനു കാരണമാകുമെന്നും അധികൃതര്‍ പറഞ്ഞു. നിയമ ലംഘനം നടത്തിയ ബസ്സുടമക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെങ്ങന്നൂർ എം.വി.എ വി.ബിജു പറഞ്ഞു.