കോന്നി: ചെങ്ങറ സമരഭൂമിയിലേക്ക് പ്രവേശിക്കാനെത്തിയ നൂറോളം വരുന്ന സാധുജന വിമോചന സംയുക്ത വേദി പ്രവർത്തകരെ പോലീസ് ഇടപെട്ട് തിരിച്ചയച്ചു. ഇരുനൂറോളം വരുന്ന കുടുംബങ്ങൾ തിരികെ സമരഭൂമിയിലേക്ക് പ്രവേശിക്കുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചതിനാൽ സ് ഥലത്ത് വലിയ പോലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. തിരികെ പ്രവേശിച്ചാൽ അവരെ തടയാൻ സമരഭൂമിയിലെ പ്രധാന കവാടത്തിൽ ഒരു വിഭാഗം സംഘടിച്ചിരുന്നു. ഇത് സംഘർഷത്തിന് സാധ്യത കണക്കിലെടുത്താണ് പോലീസ് അനുനയത്തിലൂടെ സമരഭൂമിയിൽ കടക്കാനെത്തിയ പ്രവർത്തകരെ പറഞ്ഞയച്ചത്.
ചെങ്ങറ ഭൂസമരം ആരംഭിച്ച കാലം മുതൽ ഇവിടെ താമസിച്ച് 2009-ൽ പട്ടയം ലഭിച്ച് ഇടുക്കി, കാസർഗോഡ് ജില്ലകളിലേക്ക് പോവുകയും വാസയോഗ്യമല്ലാത്ത ഭൂമിയായതിനാൽ തിരികെ എത്തുകയും ചെയ്ത 234 കുടുംബങ്ങളാണ് ഇന്ന് സമര ഭൂമിയിൽ പ്രവേശിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഇവർ രാവിലെ ഒൻപത് മണി മുതൽ അതുമ്പുംകുളം ജംഗ്ഷനിൽ തമ്പടിച്ചിരുന്നു. സമയം മുന്നോട്ടു പോകുന്തോറും സമരഭൂമിയിൽ പ്രവേശിക്കാൻ എത്തുന്നവരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയതോടെ പോലീസ് നിലപാട് കടുപ്പിച്ചു. മലയാലപ്പുഴ എസ്.എച്ച്.ഒ ബിനുകുമാർ, കോന്നി എസ്.എച്ച്.ഒ.രാജേഷ്, ആറന്മുള എസ്.എച്ച്.ഒ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സമരസമിതി നേതാക്കളുമായി ചർച്ചകൾ നടത്തിയെങ്കിലും ഇവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. തുടർന്ന് അഞ്ചിലധികം ആൾക്കാർ കുട്ടംകൂടി നില്ക്കാൻ പാടില്ലായെന്നും കോവിഡ് പശ്ചാത്തലത്തിൽ കേസ്സെടുക്കാൻ നിർബന്ധിതമാകുമെന്നും പോലീസ് വാഹനത്തിൽ നിന്ന് മുന്നറിയിപ്പ് വന്നതോടെ സമരഭൂമിയിൽ പ്രവേശിക്കാൻ എത്തിയ പ്രവർത്തകർ മടങ്ങി പോവുകയായിരുന്നു.