കോന്നി : ചെങ്ങറയിലെ കുട്ടികൾക്ക് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓൺലൈൻ പഠന സൗകര്യം ഒരുക്കി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സ്‌കൂൾ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ചെങ്ങറയിലെ ഇരുനൂറിലധികം വരുന്ന കുട്ടികൾക്ക് സ്കൂള്‍ പി.ടി.എ യുടെ നേത്രുത്വത്തില്‍ ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്. ഇതിനാവശ്യമായ ഡിഷ് ആൻ്റിന, സോളാർ പാനൽ സിസ്റ്റം, ടെലിവിഷൻ എന്നിവ വാങ്ങി നൽകി. ചെങ്ങറ സമരഭൂമിയിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ ഒന്നാം തീയതി മുതൽ ആരംഭിച്ചിരുന്ന ഓൺലൈൻ പഠന സൗകര്യം ഇവിടെ ലഭിച്ചിരുന്നില്ല.
ഓൺലൈൻ പഠന സംവിധാനത്തിന്റെ ഉത്ഘാടനം ആന്റോ ആന്റണി എം പി നിർവ്വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയലാൽ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജനി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ, ബ്ലോക്ക് പഞ്ചായത്തംഗം പ്രീയ എസ് തമ്പി, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ഗ്രേസി സേവ്യർ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി എസ് സന്തോഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീലത, അദ്ധ്യാപകനായ മാത്യൂസൺ പി തോമസ്, കോന്നി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആനി സാബു, സ്കൂൾ പി റ്റി എ പ്രസിഡന്റ് മനോജ് പുളിവേലിൽ തുടങ്ങിയവർ പങ്കെടുത്തു.