ചെന്നൈ : നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാൻ ക്യു ആർ കോഡ് സംവിധാനം ഒരുക്കി ചെന്നൈ പോലീസ്. പേടിഎം വഴി പണം സ്വീകരിക്കാനുള്ള ക്യു ആർ കോഡ് കാർഡുകൾ കഴിഞ്ഞ ദിവസം ട്രാഫിക് പോലീസിന് കൈമാറിക്കൊണ്ട് സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാൾ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ട്രാഫിക് നിയന്ത്രണ ചുമതലിയിലുള്ള എല്ലാ പോലീസ് സംഘത്തിനും ഇത്തരം കാർഡ് കൈമാറും. ആദ്യ ഘട്ടത്തിൽ 300 കാർഡുകളാണ് വിതരണം ചെയ്തത്. ഇത് ഉപയോഗിക്കാൻ പോലീസുകാർക്കുള്ള പരിശീലനവും പൂർത്തിയായി.
കാർഡിലെ ക്യു ആർ കോഡ് സ്മാർട്ട് ഫോണിൽ സ്കാൻ ചെയ്താൽ പേടിഎം ആപ്പിലെ ഇ ചെല്ലാൻ പേജിലേക്ക് റീ ഡയറക്ട് ചെയ്യും. പിഴയുടെ ചെല്ലാൻ ഐഡിയും വാഹനനമ്പറും നൽകിയ ശേഷം യുപിഐ ആപ്പുകൾ വഴിയോ ഡബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ചോ പിഴ ചുമത്തപ്പെട്ടയാൾക്ക് പണം അടയ്ക്കാം. ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാനും നിയമലംഘകരെ വിളിച്ച് ഓർമപ്പെടുത്താനുമായി തുടങ്ങിയ കോൾ സെന്‍ററുകളിലും ക്യു ആർ കോഡ് രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കും.