തിരുവനന്തപുരം: വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്കാണ് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്.
തെരഞ്ഞെടുപ്പ് ഡ്യുട്ടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്നും അതിനാല്‍ സംസ്ഥാനത്ത് വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദ വിവരം പുറത്ത് വിടണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു. പോസ്റ്റല്‍ ബാലറ്റ് ലഭിച്ചവരുടെയും പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങളും പുറത്തു വിടണം. റിട്ടേണിംഗ് ഓഫീസര്‍മാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റല്‍ വോട്ടുകളുടെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും പുറത്ത് വിടണം.
80 വയസു കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എത്ര പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയില്‍ എത്ര എണ്ണം ബാക്കിയുണ്ട് തുടങ്ങിയ കാര്യങ്ങളുടെ വിശദ വിവരങ്ങളും ലഭ്യമാക്കണമെന്നുമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന മറ്റ് ആവശ്യങ്ങള്‍.