കേംബ്രിഡ്ജ്: ലോകത്ത് കള്ളപ്പണം വെളുപ്പിക്കൽ വഴി കൈമാറ്റം ചെയ്യപ്പെടുന്ന വൻതുകയിൽ വെറും ഒരുശതമാനം മാത്രമാണ് അന്വേഷണ ഏജൻസികൾക്ക് തിരിച്ചുപിടിക്കാൻ കഴിയുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സാമ്പത്തിക കുറ്റവാളികൾ സ്വീകരിക്കുന്ന സങ്കീർണവും ആധുനികവുമായ മാർഗങ്ങളാണ് കള്ളപ്പണം കണ്ടെത്തി വീണ്ടെടുക്കുന്നതിന് പ്രധാന തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേംബ്രിഡ്ജിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള 43-ാമത് അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. കള്ളപ്പണം വെളുപ്പിക്കുന്ന ഓരോ 100 രൂപയിലും ഒരു രൂപ മാത്രമാണ് പ്രായോഗികമായി തിരിച്ചുപിടിക്കാൻ കഴിയുന്നത് എന്നതാണ് നിലവിലെ സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വർഷം ആഗോളതലത്തിൽ വെളുപ്പിക്കപ്പെടുന്ന കള്ളപ്പണത്തിന്റെ അളവ് കണക്കിലെടുത്താൽ, ലോകജനസംഖ്യയിലെ ഓരോ വ്യക്തിക്കും ഓരോ ലാപ്ടോപ്പ് വീതം വാങ്ങിനൽകാൻ പോലും ആ തുക മതിയാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനുശേഷവും ലോക രാജ്യങ്ങളുടെ ഖജനാവുകളിൽ വലിയൊരു തുക ശേഷിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.































