പത്തനംതിട്ട : പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ നാലാംക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെയും രണ്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. മൈലപ്ര മൌണ്ട് ബെഥനി സി.ബി.എസ്.ഇ. സ്കൂളിലെ വിദ്യാര്‍ഥികളായ ഇരുവരും പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തി മാവേലിക്കരക്കുള്ള ബസ് അന്വേഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് ജീവനക്കാരും ബസ് സ്റ്റാൻഡ് ഓപ്പറേറ്ററായ നിയാസ് കൊന്നമൂടും കാര്യങ്ങൾ തിരക്കിയറിയുവാൻ ശ്രമിക്കുന്നതിനിടെ പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതിനെ തുടർന്ന് വിവരം പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും തുടർന്ന് കുട്ടികളെ പോലീസ് സ്ഥലത്തെത്തി കൂട്ടികൊണ്ടുപോവുകയുമായിരുന്നു.
ഇരുവരും സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നവരാണ്. ഇവര്‍ എങ്ങനെയാണ് ഹോസ്റ്റലിന് പുറത്തെത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്കൂൾ അധികൃതരെയും മാതാപിതാക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതിനുശേഷം കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.




























