കോട്ടയം: ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള 17 കിലോമീറ്റർ മീറ്റർ അടക്കം നിർമ്മാണം പൂർത്തിയാക്കിയ 632 കിലോമീറ്റർ നീളമുള്ള ഇരട്ടപ്പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ചേരുന്ന യോഗത്തിൽ വെച്ച് നാളെ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഓൺലൈൻ പ്രദർശനം കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ചേരുന്ന യോഗത്തിൽ പ്രദർശിപ്പിക്കുന്നതാണ്. വൈകീട്ട് 5.45 മുതൽ 6.45 വരെയാണ് യോഗം. ഇരട്ടപ്പാതയോടൊപ്പം, കൊച്ചി മെട്രോയുടെ നിർമ്മാണം പൂർത്തിയായ ലൈനും ഉദ്ഘാടനം ചെയ്യും.
എറണാകുളത്തേക്ക് ഇതിനോടനുബന്ധിച്ച് കോട്ടയത്ത് നിന്നും പുതിയ മെമു സർവീസ് ആരംഭിക്കും. മെമുവിന്റെ ഫ്ലാഗ് ഓഫ് ഞാൻ വൈകീട്ട് 5.45ന് നിർവഹിക്കും. ഏറ്റുമാനൂർ-ചിങ്ങവനം 17 കി. മീറ്റർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമ്പോൾ കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കടക്കുകയാണ്. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള 632 കി. മീറ്റർ പാതയാണ് തുറന്നുകൊടുക്കുന്നത്.
മൂന്നു പതിറ്റാണ്ടിലേറെയായി, ഘട്ടം ഘട്ടമായി പാതയിരട്ടിപ്പിക്കൽ നടപടി പൂർത്തീകരിച്ച്, കഴിഞ്ഞ മെയ് മാസത്തിൽ സുരക്ഷാ പരിശോധനയും പൂർത്തീകരിച്ചാണ് റെയിൽവേ ഇരട്ടപ്പാത നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ നിർമ്മാണവും സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണവും ഡിസംബർ മാസം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥരുടെ അവലോകന യോഗം സെപ്റ്റംബർ മാസം അവസാന വാരം ചേരും.