ന്യൂഡൽഹി : ക്രിസ്തുമതത്തിലേക്കുമാറിയ വ്യക്തിയെ പട്ടികജാതിയായി കണക്കാക്കാനാവില്ലന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽപ്പെട്ടവർക്കുമാത്രമേ പട്ടികജാതി പദവിയുണ്ടാകൂവെന്ന് മാർച്ച് 24-ന് സുപ്രീംകോടതി വിധിച്ചിരുന്നു. മറ്റേതെങ്കിലും മതത്തിലേക്കു മാറിയവർക്ക് ഉടൻ പട്ടികജാതി പദവി നഷ്ടമാകുമെന്ന് 1950-ലെ ഭരണഘടനാ ഉത്തരവിൽ (പട്ടികജാതി) വ്യക്തമാണെന്നും വിധിയിൽ പറഞ്ഞു. ക്രിസ്തുമതത്തിലേക്കുമാറിയ വ്യക്തിയെ പട്ടികജാതിയായി കണക്കാക്കാനാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവാണ് മാർച്ച് 24-ന് സുപ്രീംകോടതി ശരിവെച്ചത്.
ക്രിസ്തുമതത്തിലേക്കുമാറി പാസ്റ്ററായി പ്രവർത്തിക്കുന്നതിനിടെ അതിക്രമം നേരിട്ട ചിന്താദാ ആനന്ദിന്റെ അപ്പീലിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്. ക്രിസ്തുമതത്തിന് ജാതിവ്യവസ്ഥ അന്യമാണെന്നാണ് ഹൈക്കോടതി വിധിച്ചത്. അതിനാൽ പാസ്റ്ററെ ആക്രമിച്ചവർക്കെതിരേ പട്ടികജാതി നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ല. പട്ടികവർഗക്കാർക്ക് അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തങ്ങളുടെ ഗോത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ തുടരേണ്ടതുണ്ടെന്നും ഭരണഘടനാ ഉത്തരവിൽ (പട്ടികവർഗം) പറയുന്നു. പട്ടികവർഗക്കാർ മറ്റുമതത്തിലേക്ക് മാറിയാൽ കാലക്രമേണ അവർക്ക് തങ്ങളുടെ ഗോത്രവർഗത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതാവാം. അവരുടെ ഗോത്രവർഗസ്വത്വത്തിൽ സംശയമുയർന്നാൽ ആ വിഷയം വിചാരണവേളയിൽ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.






























