തൃശ്ശൂര്‍: മാള പോലീസ് സ്റ്റേഷന് മുന്നിൽ വീട്ടുകാർ തമ്മിൽ കൈയ്യാങ്കളി. യുവതിക്കൊപ്പം കാമുകന്റെ വീട്ടുകാർ മാള സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തതായി ഇൻസ്പെക്ടർ വി. സജിൻ ശശി പറഞ്ഞു. പെൺകുട്ടിയെ കഴിഞ്ഞ നാലിന് കാണാതായെന്ന് കാണിച്ച് വീട്ടുകാർ മാള പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് യുവാവിനെ വിളിച്ച് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പെൺകുട്ടിയെയും കൊണ്ട് വീട്ടുകാർ എത്തി. തുടർന്നാണ് വീട്ടുകാർ തമ്മിൽ വാഗ്വാദവും തുടർന്ന് കൈയാങ്കളിയിലും എത്തിയത്. പോലീസ് ഇരുകൂട്ടരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇവരിൽ ഒരാൾ കൈയിൽ കരുതിരിയുന്ന കമ്പിവടി ഉപയോഗിച്ചു മർദിച്ചതായും പറയുന്നു. കൂടുതൽ പോലീസ് എത്തി സംഘർഷം ഉണ്ടാക്കിയവരെ പിടിച്ചുമാറ്റി. ഇരുകൂട്ടരും ബന്ധുക്കളാണ്. സംഭവത്തിൽ കമ്പിവടി ഉപയോഗിച്ച് മർദിച്ചതിനു ഉൾപ്പെടെ പോലീസ് കേസെടുത്തിട്ടുണ്ട്.