അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി സ്വദേശി രതീഷ് റോയിയുടെ മകൻ പ്രണിത് റോയ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനിലായിരുന്നു അപകടം. ചമ്പന്നൂർ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് ഉത്പന്ന നിർമാണ കമ്പനിയുടെ ലോറിയിൽ ക്ലീനറായി ജോലി ചെയ്ത് വരികയായിരുന്നു പ്രണിത്. കണ്ണൂരിൽ ലോഡ് ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ എത്തിയപ്പോൾ ലോറി നിർത്തണമെന്ന് പ്രണിത് ഡ്രൈവറോട് ആവശ്യപ്പെട്ടു. ലോറി വേഗം കുറച്ച സമയത്ത് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രണിതിനെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. ആറുമാസം മുൻപാണ് പ്രണിത് ചമ്പന്നൂരിലെ കമ്പനിയിൽ ക്ലീനറായി ജോലിയിൽ പ്രവേശിച്ചത്.






























