ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുന്നു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ഇനി എത്രപേരെ കണ്ടെത്താനുണ്ട് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്നലെ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉന, ബിലാസ്പൂർ, സോളൻ, ഷിംല, സിർമൗർ, കാംഗ്ര, ചമ്പ, കുളു, മാണ്ഡി ജില്ലകളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് മൂന്ന് സ്ഥലങ്ങളിൽ മേഘവിസ്‌ഫോടനവും ഒമ്പതിടങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായതായി മുഖ്യമന്ത്രി സുഖ്വീന്ദർ സുഖു പറഞ്ഞു. ഇതുവരെ 250 പേരെ രക്ഷപ്പെടുത്തി. മരിച്ച അഞ്ച് പേരിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.ചൊവാഴ്ച വൈകിട്ട് ആരംഭിച്ച മഴയിൽ കാൻഗ്രയിലെ ഖനിയാരാ മണൂനി ഖാദിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ നിരവധി പേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതിയുടെ സമീപമുള്ള ലേബർ കോളനിയിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് ഒഴുക്കിൽപ്പെട്ടത്.