റോം: പൊതുപരിപാടികൾക്കിടെയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന് സംഭവിക്കാറുള്ള നാക്കുപിഴകളും ബാലൻസ് തെറ്റി ഇടയ്ക്കുള്ള വീഴ്ചകളും യു.എസിൽ ചർച്ചാ വിഷയമാണ്. 81കാരനായ ബൈഡന് പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് അഭ്യൂഹം. സംസാരത്തിനിടെ രാജ്യങ്ങളുടെയും നേതാക്കളുടെ പേര് പലപ്പോഴും ബൈഡന് തിരിഞ്ഞ് പോകാറുണ്ട്. ഇപ്പോഴിതാ ജി 7 ഉച്ചകോടിയ്ക്കിടെയും അസ്വഭാവികമായുള്ള ബൈഡന്റെ പെരുമാറ്റങ്ങളുടെ രണ്ട് വീഡിയോകൾ വൈറലാവുകയാണ്.ജി 7 വേദിയിലേക്ക് ബൈഡനെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി സ്വകരിക്കുന്നതാണ് ആദ്യ വീഡിയോ. വീഡിയോയിൽ ബൈഡൻ മെലോനിക്ക് സല്യൂട്ട് നൽകിയിട്ട് പതിയെ നടന്നുപോകുന്നത് കാണാം. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ജി 7 നേതാക്കൾ ചേർന്നുള്ള ഗ്രൂപ്പ് ഫോട്ടോ സെഷന്റേതാണ് രണ്ടാമത്തെ വീഡിയോ. പാരഷൂട്ട് പ്രകടനം വീക്ഷിച്ച നേതാക്കൾ ഫോട്ടോയ്ക്കായി തയാറായി. എന്നാൽ ബൈഡൻ മറുവശത്തേക്ക് തിരിഞ്ഞുനടന്ന് അവിടെ നിന്ന് ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത് കാണാം. ഇതു ശ്രദ്ധിച്ച മെലോനി ബൈഡന്റെ കൈയ്യിൽപിടിച്ച് മറ്റ് നേതാക്കൾക്കൊപ്പം നിറുത്തുകയായിരുന്നു.ചർച്ചകൾക്കിടെ ബൈഡന്റെ ശ്രദ്ധ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതായി മറ്റൊരു രാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. നവംബറിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെ നേരിടാൻ പോവുകയാണ് ജോ ബൈഡൻ.