കാസര്‍കോട് : പ്രഗത്ഭ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സി.കെ. ശ്രീധരന്റെ ആത്മകഥ പ്രകാശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തുന്നതിനെച്ചൊല്ലി രാഷ്ട്രീയ അഭ്യൂഹം. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇല്ലാത്ത കോണ്‍ഗ്രസ് നേതാവിന്റെ ചടങ്ങില്‍ സംബന്ധിക്കാന്‍ വേണ്ടിമാത്രം മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കാഞ്ഞങ്ങാട്ട് എത്തും. കോണ്‍ഗ്രസില്‍നിന്ന് നേതാക്കളെ അടര്‍ത്തുന്ന സി.പി.എം തന്ത്രങ്ങളുടെ ഭാഗമാണോയെന്നതാണ് ഉറ്റുനോക്കുന്നത്. അങ്ങനെവന്നാല്‍ പ്രഗത്ഭനായ നിയമജ്ഞന് സി.പി.എം പാളയത്തിലാകും. അത് കോണ്‍ഗ്രസിന് തിരിച്ചടിയും.
ടി.പി. ചന്ദ്രശേഖരന്, നാല്പാടി വാസു, അരിയില്‍ ഷുക്കൂര്‍, ചീമേനി കൊലക്കേസുകള്‍, ഇ.പി. ജയരാജന് വധശ്രമം തുടങ്ങിയ കേസുകളില്‍ സി.പി.എമ്മിന്റെ എല്ലാ നീക്കങ്ങളും നിയമംകൊണ്ടു തകര്‍ത്ത സി.കെ. ശ്രീധരനെ പുനഃസംഘടനയില്‍ കോണ്‍ഗ്രസ് തഴഞ്ഞിരുന്നു. പ്രതിഷേധവുമായി അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് അകന്നുനില്ക്കുന്നതിനിടെയാണ് തന്റെ ആത്മകഥയായ ‘ജീവിതം നിയമം നിലപാടുകള്‍’ പ്രകാശനം ചെയ്യാന്‍ മുഖ്യമന്ത്രിയെ കൊണ്ടുവരുന്നത്. ബുധനാഴ്ച വൈകീട്ടത്തെ ചടങ്ങ് സംഘടിപ്പിക്കുന്നതില്‍ സി.പി.എം നേതാക്കളാണ് മുന്‍നിരയില്‍. പ്രത്യേക പതിപ്പും ഇറക്കുന്നുണ്ട്.
കെ. സുധാകരനുമായുണ്ടായ ചേര്‍ച്ചക്കുറവാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍. ടി.പി. വധഗൂഢാലോചന കേസില്‍ പ്രത്യേക കോടതിയില്‍ പ്രതികളായ 11 പേരില്‍ ജാമ്യത്തിന് അപേക്ഷിച്ച അഞ്ചുപേര്‍ക്ക് ജാമ്യം അനുവദിച്ചത് കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്. മറ്റുള്ളവര്‍ക്കുകൂടി ജാമ്യം അനുവദിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ അത് തടയാന്‍ ഹൈക്കോടതിയില്‍ താന്‍ ഹാജരാകാന്‍ ഉത്തരവിറക്കണമെന്ന് സി.കെ ആവശ്യപ്പെട്ടു.
ഹൈകോടതിയില്‍ ”കേരളം വിറങ്ങലിച്ചുനില്‍ക്കുകയാണ്. പ്രതികള്‍ക്ക് കോടതി ജാമ്യം നല്കിയാല് വീണ്ടും കൊലക്കളമാകും” എന്ന് അദ്ദേഹം നടത്തിയ പരാമര്‍ശം കുഞ്ഞനന്തനുള്പ്പെടെയുള്ളവരെ ജയിലിലെത്തിച്ചു. ഇ.പി. ജയരാജന് വധശ്രമക്കേസ് നടന്നത് ചെന്നൈയിലെ കോടതിയിലാണ്. പുറമെ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഗൂഢാലോചന കേസുമെടുത്തു. ഈ കേസില്‍ റിമാന്‍ഡിലാകാതെ സുധാകരനെ രക്ഷിച്ചതും സി.കെയായിരുന്നു.































