തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു. മാനസിക നിലതെറ്റി എന്തും വിളിച്ചു പറയുന്ന അവസ്ഥയില്‍ അദ്ദേഹം എത്തിയിരിക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
മകള്‍ക്കെതിരായ അഴിമതി ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുരേന്ദ്രനല്ല പിണറായി വിജയന്. സുരേന്ദ്രനോട് പറയാനുള്ളത് പിന്നാലെ പറയാം-വാര്‍ത്താ സമ്മേളനത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പറഞ്ഞു.
മാനസിക നിലതെറ്റി എന്തും വിളിച്ചുപറയുന്ന ആളെ അധ്യക്ഷനാക്കിയ ആ പാര്‍ട്ടി തന്നെ അതിനു മറുപടി പറയണം. അയാള്‍ക്ക് രാത്രിയില്‍ എന്തക്കെയോ തോന്നുന്നു. അത് വിളിച്ചുപറയുകയാണ്. എന്ത് അടിസ്ഥാനമാണ് അതിനുള്ളത്.
സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാത്തപ്പോള്‍ തന്നെയും തന്റെ കുടുംബത്തേയും അഴിമതിക്കാരായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. തന്റെ കുടുംബം അഴിമതിയുടെ കൂടാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഹീനമായ നീചമായ ശ്രമങ്ങള്‍ നടക്കുകയാണ്.
തങ്ങള്‍ അഴിമതിക്കെതിരെ നിന്നവരാണ്. ആ ശീലത്തിലാണ് വളര്‍ന്നിട്ടുള്ളത്. ആ ശീലം പാലിക്കുന്നവരാണ്. അതുകൊണ്ടാണ് തല ഉയര്‍ത്തിപ്പിടിച്ച് വര്‍ത്തമാനം പറയാന്‍ കഴിയുന്നത്. അപവാദത്തെ അപവാദമായി കാണാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.