ആറാട്ടുപുഴ: കടലാക്രമണത്തിന്റെ നിത്യദുരിതം പേറുന്ന തീരവാസികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. ആറാട്ടുപുഴ പഞ്ചായത്തിലെ നല്ലാണിക്കല്‍ നിവാസികളാണ് കടല്‍ഭിത്തി കെട്ടി തീരം സംരക്ഷിക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഉണിശ്ശേരില്‍ ക്ഷേത്രം മുതല്‍ നല്ലാണിക്കല്‍ എല്‍.പി.എസിന് തെക്ക് ഭാഗം വരെ താമസിക്കുന്ന 20 ലേറെ കുടുംബങ്ങള്‍ രാഷ്ട്രീയ ഭേദമെന്യേയാണ് വോട്ട് ബഹിഷ്കരണ തീരുമാനവുമായി രംഗത്തുവന്നത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ നോട്ടീസ് പ്രസിദ്ധീകരിച്ച് പ്രചാരണം ആരംഭിക്കും. വേനല്‍കാലത്ത് പോലും കലാക്രമണ ദുരിതം പേറുന്ന പ്രദേശമാണിതെന്നും നിത്യദുരിതം നേരിടുന്ന ഞങ്ങളെ അധികാരികള്‍ അവഗണിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
ചെറിയൊരു കടലിളക്കത്തില്‍ പോലും വീടുകളിലേക്ക് മണല്‍ അടിച്ച് കയറുകയും റോഡ് മണ്ണില്‍ മൂടുന്ന അവസ്ഥയുമാണ് ഇവിടെ നിലനില്‍ക്കുന്നത്. തീരദേശ റോഡ് ഏത് നിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ കടല്‍ക്ഷോഭത്തില്‍ ഭാഗ്യം കൊണ്ടാണ് റോഡ് നിലനിന്നത്. ഏറെ അപകടാവസ്ഥയിലായ പ്രദേശമായിട്ടും തീരം സംരക്ഷിക്കാന്‍ ഒരു നടപടിയും അധികാരികള്‍ കാട്ടിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാറിമാറി വന്ന അധികാരികള്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.